ഗൾഫിൽ വർധിച്ചുവരുന്ന മരണനിരക്കിൽ പ്രവാസികൾ ഭയഭീതിയിൽ
Wednesday, July 8, 2020 9:06 PM IST
കുവൈറ്റ് സിറ്റി: ഗൾഫിൽ കോവിഡ് മൂലവും അല്ലാതെയും മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തികസഹായം നൽകാൻ കേരള സർക്കാർ മുന്നോട്ടുവരണമെന്ന് ഒഐസിസി കുവൈറ്റ്‌ ആക്ടിംഗ് പ്രസിഡന്‍റ് എബി വരിക്കാടും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും ആവശ്യപ്പെട്ടു .

ആയിരക്കണക്കിന് പ്രവാസികൾ കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയും ഉണ്ടാകണം. ഗൾഫിൽ മരണപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചുവരികയാണ്. കോവിഡ് മൂലവും കോവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവും ഇല്ലാതെ കുടുംബത്തെകുറിച്ചുള്ള ആധിയിൽ കടുത്ത മാനസിക സമ്മർദ്ദം മൂലവും നിരവധിപേർ മരണമടഞ്ഞിട്ടുണ്ട്. ഇവരിൽ പലരും നിർധനരായ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ഇവരുടെ ആകസ്മികമായ വേർപാടുമൂലം, പല കുടുംബങ്ങളും ഇന്ന്‌ തകർന്ന അവസ്ഥയിലാണ്.

ഇന്നു നാട്ടിലെത്തുന്ന പ്രവാസികളെ നമ്മുടെ നാട്ടിലുള്ളവർ ഏതാണ്ട് ഭീകരജീവികളെപോലെയാണ് കാണുന്നത്. പതിന്നാലു ദിവസം ക്വാറന്‍റൈനിൽ കഴിഞ്ഞു വരുന്നവരെപ്പോലും കല്ലെറിയുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്. ഇതിനു പ്രധാനകാരണം സർക്കാർ ദിവസവും നൽകുന്ന കണക്കുകളാണ്. വിദേശത്തുനിനിന്നും വന്നവർ ഇത്ര, ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ഇത്ര, സംസ്ഥാനുത്തുള്ളവർ ഇത്ര എന്ന തോതിൽ മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ്. എന്തിനാണ് വേർതിരിച്ചുള്ള കണക്കുകൾ പറഞ്ഞു ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തുന്നത്? പ്രവാസികളാണ് കൊറോണ കൊണ്ടുവരുന്നതെന്ന് സർക്കാർ തന്നെ ജനങ്ങളെ പറഞ്ഞു പേടിപ്പിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ഗൾഫ് നാടുകളിലും വിവിധ സംസ്ഥാനങ്ങളിലും കോവിഡ് ബാധിതർ ഉണ്ട്. ഇവിടങ്ങളിലൊക്കെ എല്ലാ ദിവസവും അന്നത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ റിപ്പോർട്ട്‌ ചെയ്യാറുണ്ടെങ്കിലും വേർതിരിച്ചു കണക്കുകൾ പറയാറില്ല. ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യരുത്. ഞങ്ങൾക്കും ഞങ്ങൾ ജനിച്ച നാട്ടിൽ ജീവിക്കണം. ഞങ്ങളുടെ വീട്ടിൽ ഞങ്ങൾക്കും കിടന്നുറങ്ങണം. ഇതു ഞങ്ങളുടെ അവകാശമാണ് എന്നും അവർ പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ