വീസ കാലാവധി കഴിഞ്ഞ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങൾക്കും കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി
Sunday, July 5, 2020 3:47 PM IST
കുവൈറ്റ് സിറ്റി: റെസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

കോവിഡ് ഭീഷണിയെ തുടര്‍ന്ന് മാർച്ച് പകുതിയോടെ വ്യോമ ഗതാഗതം നിർത്തിവച്ചതിനാൽ നൂറുക്കണക്കിന് ഡോക്ടർമാരും , നഴ്‌സ്മാരും, പാരാ മെഡിക്കല്‍ സ്റ്റാഫുകളുമാണ് രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്നത്. പുതിയ നിര്‍ദ്ദേശ പ്രകാരം രാജ്യത്തിനു പുറത്ത്‌ കഴിയുന്ന പ്രവാസി ആരോഗ്യ മന്ത്രാലയം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അതാതു നാടുകളിൽ നിന്നും കുവൈത്തിലേക്ക്‌ തിരിച്ചു വരുന്ന വിമാനങ്ങൾ വഴി രാജ്യത്തേക്ക്‌ പ്രവേശിക്കാവുന്നതാണ്.

കൊറോണ വൈറസ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് തങ്ങളുടെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതും കുവൈറ്റ് വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങൾ നിർത്തിവച്ചതിനാൽ മടങ്ങാൻ കഴിയാത്ത നൂറുക്കണക്കിന് മലയാളികള്‍ അടക്കമുള്ള മെഡിക്കൽ സ്റ്റാഫുകള്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമാകും.

റിപ്പോർട്ട്: സലിം കോട്ടയിൽ