യു എ ഇ വിമാനകമ്പനികൾക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു, പ്രവാസികൾക്ക് ചാർട്ടർ വിമാനങ്ങളും ഇല്ലാതാകുന്നു
Saturday, July 4, 2020 2:38 PM IST
അബുദബി : ഇന്ന് മുതൽ ഇന്ത്യയിലേക്ക് പറക്കേണ്ടിയിരുന്ന യു എ ഇ യുടെ വിമാനകമ്പനികൾക്ക്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം അപ്രതീക്ഷിത വിലക്ക് ഏർപ്പെടുത്തിയതോടെ ചാർട്ടർ വിമാനങ്ങളിലെങ്കിലും നാടണയാമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി . വന്ദേ ഭാരത് ദൗത്യത്തിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾക്ക് പറക്കാൻ അനുമതിയുള്ളപ്പോളാണ് യുഎഇയുടെ വിമാനകമ്പനികൾക്ക് ഒരു വിശദീകരണവും നൽകാതെ അനുമതി നിഷേധിക്കുന്ന നടപടിയുണ്ടായിരിക്കുന്നത് .

ഇത്തിഹാദ് ,എമിറേറ്റ്‌സ്, എയർ അറേബ്യ, ഫ്ളൈ ദുബായ്, എന്നിവയുടെ വിമാനങ്ങൾ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ചാർട്ടർ സർവീസുകൾ വിവിധ സംഘടനകൾക്കായി നടത്തിയിരുന്നു. ലാൻഡിംഗ് അനുമതി സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും അധികൃതർ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കാണാനായില്ലെന്നാണ് സൂചന . ഇതേത്തുടർന്ന് ഇന്ന് ഉച്ചക്ക് 14.20ന് അബൂദബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകേണ്ട ഇത്തിഹാദ് എയർ വെയ്‌സിന്റെ ഇ.വൈ 254 വിമാനത്തിന്റെ യാത്ര അന്തിമ നിമിഷത്തിൽ മുടങ്ങി . അബുദാബി സംസ്ഥാന കെ.എം.സി.സി ചാർട്ടേഡ് ചെയ്ത വിമാനമായിരുന്നു ഇത് .ഷാർജയിൽ നിന്ന് ലഖ്നൗവിലേക്കുള്ള സർവീസും മുടങ്ങിയിരിക്കുകയാണ് .

ഇന്ത്യൻ സ്ഥാനപതി കാര്യാലയം, കേരള സർക്കാർ, കേരള പ്രവാസികാര്യ വകുപ്പ് എന്നിവർക്കൊന്നും യു.എ.ഇ വ്യോമയാന കമ്പനികളുടെ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല . പക്ഷേ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നില്ല.

യാത്രക്കുള്ള ടിക്കറ്റ് എടുക്കുകയും എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുകയും ചെയ്ത യാത്രക്കാരെ വഴിയാധാരമാക്കുന്ന സർക്കാർ നടപടികൾ പ്രവാസികൾക്കിടയിൽ വൻ പ്രതിഷേധമാണ് സൃഷ്ട്ടിച്ചിരിക്കുന്നത് . വന്ദേ ഭാരത് വിമാനങ്ങളിലെ ടിക്കറ്റുകൾ മുഴുവനും വിറ്റുപോയതായി അറിഞ്ഞതോടെ എങ്ങനെ നാട്ടിലെത്തുമെന്ന ആശങ്ക വീണ്ടും പ്രവാസലോകത്ത് ഉയർന്നു തുടങ്ങി . അടിക്കടി മാറുന്ന സർക്കാർ തീരുമാനങ്ങൾ ചാർട്ടർ വിമാനസർവ്വീസുകളുടെ നടത്തിപ്പിന് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇനി മുതൽ ചാർട്ടർ സർവ്വീസ് നടത്തേണ്ട എന്ന തീരുമാനത്തിലേക്കാണ് യു എ ഇ യിലെ സന്നദ്ധ സംഘടനകൾ പോകുന്നത് .

ജൂലൈ 2 വരെയുള്ള കണക്കുകൾ അനുസരിച്ചു ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ വിമാനകമ്പനികൾ 32435 യാത്രക്കാരെ ഇന്ത്യയിൽ എത്തിച്ചപ്പോൾ യു എ ഇ വിമാനകമ്പനികൾ നടത്തിയ 356 സർവ്വീസുകളിലൂടെ 67559 യാത്രക്കാരെയാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിച്ചത് .

റിപ്പോർട്ട് : അനിൽ സി ഇടിക്കുള