സൗദിയിൽ കോവിഡ് മരണം 17, 24295 പേർ ചികിത്സയിൽ
Saturday, May 30, 2020 8:55 AM IST
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 17 കോവിഡ് ബാധിതർ കൂടി മരണത്തിനു കീഴടങ്ങിയതോടെ ആകെ കോവിഡ് മരണം 458 ആയി. 2460 പേർക്കു കൂടി രോഗമുക്തി ഉണ്ടാവുകയും പുതുതായി 1581 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇനിയും ചികിത്സയിലുള്ളവരുടെ എണ്ണം 24295 പേരാണെന്നും ആരോഗ്യ വകുപ്പ് സോഷ്യൽ മീഡിയ വഴി പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. സൗദിയിൽ രോഗം ബാധിച്ചവർ 81766 പേരായിരുന്നു. ഇതിൽ 57013 പേർക്ക് രോഗമുക്തി നേടി.

പുതുതായി രോഗം സ്ഥിരീകരിച്ചവർ റിയാദ് 483, ജിദ്ദ 251, മക്ക 189, ദമാം 124, ഹൊഫൂഫ് 107, മദീന 52, ജുബൈൽ 49, ഖുലൈസ് 33, ഖതീഫ് 30, ബഖീഖ് 26, അൽകോബാർ 18, ഹയിൽ 15, തായിഫ് 14, ദഹ്റാൻ 13, അഹദ് റുഫൈദ 11, അൽഖർജ് 11, വാദി ദവാസിർ 10, നജ്‌റാൻ 9, യാമ്പു 8, തബൂക് 7, അബഹ 6, ഖമീസ് മുശൈത് 6, സുലൈൽ 6, ഹോത്താ ബനി തമീം 6, ബുറൈദ 5 എന്നിങ്ങനെയാണ്.

രാജ്യമാകെ കർഫ്യു ഇളവ് നല്കിയപ്പോഴും 24 മണിക്കൂർ കർഫ്യു നിലനിൽക്കുന്ന മക്കയിലും ഇളവ് നല്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രണ്ടു ഘട്ടങ്ങളിലായിരിക്കും മക്കയിൽ ഇളവ് നൽകുക. ആദ്യ ഘട്ടമായ മേയ് 31 മുതൽ ജൂൺ 20 വരെ രാവിലെ 6 മുതൽ വൈകുന്നേരം 3 വരെ പുറത്തിറങ്ങാം. ഈ സമയം മക്കയിലേക്കും പുറത്തേക്കും യാത്ര ചെയ്യാം. രണ്ടാം ഘട്ടം തുടങ്ങുന്ന ജൂൺ 21 മുതൽ രാത്രി 8 വരെ പുറത്തിറങ്ങാം. എന്നാൽ പൂർണമായും അടച്ചിട്ട പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ അതേപടി തുടരും.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ