എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എംഎംഎഫ് കുവൈറ്റ്‌ അനുശോചിച്ചു
Friday, May 29, 2020 2:45 PM IST
കുവൈറ്റ്‌: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, സൈദ്ധാന്തികനും, പാര്ലമെന്ററിയനുമായ എംപി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം, കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി. ഉയർന്ന രാഷ്ട്രീയബോധം പുലർത്തിയ പൊതുപ്രവർത്തകൻ, പ്രതിഭാധനനായ സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന വീരേന്ദ്രകുമാറിന്റെ നിര്യാണം, കേരളത്തിലെ ജനകീയ മതേതര പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് എംഎംഎഫ് ഒരു അനുശോചന പ്രമേയത്തിൽ പറഞ്ഞു.

"ഇന്ത്യൻ രാഷ്ട്രീയത്തിനും, മാധ്യമ സാസ്കാരിക രംഗത്തിനും വലിയൊരു നഷ്ടമാണ് വീരേന്ദ്ര കുമാറിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്," പ്രമേയം പറഞ്ഞു. മീഡിയ ഫോറം അംഗങ്ങളുമായി കുവൈറ്റ്‌ സന്ദർശന വേളയിൽ അദ്ദേഹം, വിജ്ഞാനപ്രദവും ഊഷ്മളവുമായ ഒരു സംവാദം നടത്തിയത് ഈ അവസരത്തിൽ എം എം എഫ് ദുഖത്തോടെ അനുസ്മരിച്ചു. "ഹൈമതഭൂവില്‍," "ബുദ്ധന്റെ ചിരി", "ഇരുള്‍ പരക്കുന്ന കാലം", "രാമന്റെ ദുഃഖം" തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ച വീരേന്ദ്രകുമാർ, മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനയാണ് നൽകിയിട്ടുള്ളത് എന്ന് പ്രമേയം കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ