മസ്കറ്റിൽ വെള്ളിയാഴ്ച ലോക്ക്ഡൗൺ പിൻവലിക്കും
Friday, May 29, 2020 7:41 AM IST
മസ്കറ്റ്: രോഗ വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ മസ്കറ്റ് ഗവർണറേറ്റിലെ ലോക്ക്ഡൗൺ ഇന്നു പിൻവലിക്കും. എന്നാൽ ഐസൊലേഷനിൽ ആയിരിക്കുന്ന മത്രാ വിലായത്തിലെ വാദികബീർ, വാദിയാദി, ഹംറിയ, എംബിഡി, എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ തുടരും. ഇവിടങ്ങളിലുള്ളവർ ഡാർ സയിറ്റിലും ഹംറിയയിലുമുള്ള പോലീസ് ചെക്പോസ്റ്റുകൾ വഴിയാണ് കടന്നു പോകേണ്ടതെന്ന് റോയൽ ഒമാൻ പോലീസ് വക്താവ് പറഞ്ഞു.

ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെതുടർന്നു സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണമെന്ന് സൂപ്രീം കമ്മറ്റി ഉത്തരവിട്ടു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്. പൊതുനിരത്തുകൾ ഉൾപ്പെടെ മുഖാവരണം ധരിക്കാത്തവരെയും, കൂട്ടം കൂടുന്നവരേയും മുൻകരുതലുകൾ എടുക്കാൻ വിമുഖത കാണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഒമാൻ പോലീസ് കർശന നടപടികളാണ് എടുക്കുന്നത്.

പുതുതായി 636 കോവിഡ് രോഗികളെ രജിസ്റ്റർ ചെയ്തതോടെ രാജ്യത്തെ രോഗികളുടെ എണ്ണം വ്യാഴാഴ്ച 9000 കടന്നു. രോഗം നിർണയിക്കപ്പെട്ടവരിൽ 291 വിദേശികളും 345 സ്വദേശികളുമാണ്. കൊറോണാ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ഒരുദിവസം ഏറ്റവും കൂടുതൽ രോഗികൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇതാദ്യമായാണ്.

വന്ദേഭാരത് ദൗത്യത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ രണ്ടാം പാദത്തിൽ വ്യാഴാഴ്ച സലാലയിൽ നിന്ന് കണ്ണൂരിലേക്കും മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുമായി ആകെ 360 യാത്രക്കാരെയാണ് നാട്ടിലെത്തിച്ചത്. ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ ഉൾപ്പെടെ രംഗത്തെത്തുന്നതോടെ ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള ഒഴുക്ക് ശക്തമാകും.

റിപ്പോർട്ട്: സേവ്യർ കാവാലം