പ്രവാസികളോട് ക്വാറന്‍റൈൻ ചെലവ് ചോദിക്കുന്നത് കാടത്തം : അബുദാബി കെഎംസിസി
Thursday, May 28, 2020 1:18 AM IST
അബുദാബി: കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികൾ 7 ദിവസത്തെ ക്വാറന്‍റൈൻ ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് അബുദാബി കെഎംസിസി അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം പേറുന്നവരാണ് പ്രവാസികൾ. പ്രവാസലോകത്തെ നിലവിലെ സാഹചര്യം മനസിലാകാതെയുള്ള ഗവൺമെന്‍റ് നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

നാടണയാൻ വരുന്നവരിൽ നല്ലൊരു ശതമാനവും സാമ്പത്തിക ശേഷി ഉള്ളവരല്ല. സംഘടനകളും വ്യക്തികളും നൽകുന്ന ടിക്കറ്റിന്മേലാണ് പലരും നാട്ടിലേക്കെത്തുന്നത്.
യാത്രക്ക് തയാറായി കാത്തിരിക്കുന്നവരിൽ ബഹുഭൂരിഭാഗവും വരുമാനമില്ലാതെ കഴിയുന്നവരാണ്‌. ക്വാറന്‍റൈൻ ചെലവ് വഹിക്കണമെങ്കിൽ വേറെ ലോൺ എടുക്കേണ്ട അവസ്ഥയാണുള്ളത്. ഇതിലും ഭേദം പ്രവാസികൾ ഇങ്ങോട്ടു വരേണ്ടതില്ല എന്ന് തുറന്നു പറയുന്നതാണ്.

പ്രവാസ ലോകത്ത് ഇരുന്നൂറോളം മലയാളികൾ മരണപെട്ടിട്ടും അവർക്ക് യാതൊരു സഹായങ്ങളും ചെയ്യാതെ ഇത്തരം നടപടികൾ കൊണ്ടു വരുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്.

പ്രവാസികളെ ദ്രോഹിക്കുന്ന ഈ നിലപാട് ഗവൺമെന്‍റ് തിരുത്തണമെന്നും അബുദാബി കെഎംസിസി പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള