കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണം : വെൽഫെയർ കേരള കുവൈത്ത്
Sunday, May 24, 2020 5:16 PM IST
കുവൈത്ത് സിറ്റി: പ്രവാസ ലോകത്ത് നിന്നു കോവിഡ് രോഗം മൂലം മരണപ്പെടുന്നവരുടെ കുടുബങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

കുവൈത്തിൽ നിന്ന് മാത്രമായി 17 മലയാളികൾ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്ന് 111 പേരാണ് ഇതുവരെയായി മരണപ്പെട്ടത്. മറ്റു ഇതര രാജ്യത്തുള്ളവർ വേറെയുമുണ്ട്.

ഉപജീവനത്തിനും കുടുംബത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇവർ പ്രവാസം തിരഞ്ഞെടുത്തത് . കുടുംബത്തിന്‍റെ ആശ്രയങ്ങളായ പ്രവാസികൾ മരണപ്പെടുന്നതോടെ ആ കുടുംബത്തിന്‍റെ സാമ്പത്തിക വരുമാനം നിലയ്ക്കുകയാണ്. നാടിന്‍റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍ . ഈ സാഹചര്യത്തിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അനുവദിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കേരള മുഖ്യമന്ത്രിക്കും നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും കത്തയച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ