സി എഫ് ഈദ് കിറ്റ് വിതരണം ചെയ്തു
Friday, May 22, 2020 1:44 AM IST
റിയാദ്: ഐ സി എഫ് കോവിഡ് കാല സാന്ത്വന പ്രവർത്തനം ഈദ് കിറ്റ് വിതരണത്തിലൂടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ലോക്ക്ഡൗൺ ആരംഭഘട്ടത്തിൽ ഭക്ഷണവിതരണത്തോടൊപ്പം അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണവും നടത്തി തുടക്കം കുറിച്ച കോവിഡ് കാല സാന്ത്വന പ്രവർത്തനങ്ങൾ ജീവൻ രക്ഷാമരുന്ന്, റംസാൻ കിറ്റ്, ഇഫ്താർ കിറ്റ് വിതരണങ്ങളിലൂടെ രണ്ടാം ഘട്ടവും കടന്ന് ഈദുൽഫിത്റിന് ഈദ് കിറ്റ് വിതരണത്തിലൂടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി ഐ സി എഫ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആയിരക്കണക്കിനാളുകളിലേക്ക് കാരുണ്യ സ്പർശം എത്തിക്കുവാൻ കഴിഞ്ഞത് ഈ ദുർഘട കാലത്തും ജനങ്ങളിൽ ആത്മവിശ്വാസവും മനോധൈര്യവും പകരുന്നതിന്ന് നിമിത്തമായിട്ടുണ്ട്. ഐ സി എഫ് സെൻട്രൽ കമ്മിറ്റിയുടെ ക്ഷേമകാര്യ, സേവന സമിതികളുടെ മേൽനോട്ടത്തിൽ ആർ എസ് സിയുടെ സഹകരണത്തോടെ പ്രത്യേകം പരിശീലനം നൽകപ്പെട്ട ഐ സി എഫ്, ആർ എസ് സി, സഫുവ വളണ്ടിയർമാരിലൂടെ, കൃത്യമായ ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് വിതരണം സംവിധാനിച്ചിട്ടുള്ളത്.

ആരോഗ്യരംഗത്തെ വിദഗ്ദരായ ഡോ. അബ്ദുസലാം, ഡോ.അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ 'കോവിഡ് 19 മാനസികാരോഗ്യം', 'കോവിഡ് സാമൂഹ്യ വ്യാപനം - ജാഗ്രത എങ്ങിനെ' എന്നീ വിഷയങ്ങളിൽ ഓൺലൈൻ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുകയുണ്ടായി.

ഹസൈനാർ മുസ് ലിയാർ, ശുക്കൂർ മടക്കര, സൈനുദ്ദീൻ കുനിയിൽ, ഇബ്റാഹിം കരീം, കബീർ ചേളാരി എന്നിവരുടെ സജീവമായ നേതൃത്വത്തിൻ കീഴിൽ സാന്ത്വന പ്രവർത്തനങ്ങളോടൊപ്പം ആവശ്യമായ ആരോഗ്യരക്ഷാ നിർദ്ദേശങ്ങളോ സഹായങ്ങളോ ലഭ്യമാക്കുന്നതിന് ഹെൽപ്പ് ലൈനും പ്രവർത്തിച്ചു വരുന്നതായി വാർത്താക്കുറിപ്പിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ