പൊതുമാപ്പ്: ഇന്ത്യക്കാരേയും വഹിച്ച് ആദ്യ വിമാനം പുറപ്പെട്ടു
Thursday, May 21, 2020 8:49 PM IST
കുവൈത്ത് സിറ്റി: ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ശേഷം പൊതുമാപ്പ് ആനുകൂല്യം ലഭിച്ച ഇന്ത്യക്കാരേയും വഹിച്ചുള്ള ആദ്യ വിമാനം ഇന്നു രാവിലെ പുറപ്പെട്ടു. 145 യാത്രക്കാരുമായി ജസീറ എയർവേയ്സ് വിമാനം രാവിലെ 9.15 നാണ് കുവൈത്തിൽനിന്ന് ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക് യാത്രയായത്. അബ്ദലി, ഫർവാനിയ എന്നിവിടങ്ങളിലെ ക്യാമ്പിൽ കഴിയുന്നവരാണ് ഈ വിമാനത്തിലുള്ളത്.

ആറായിരത്തിലേറെ ഇന്ത്യക്കാര്‍ ഒരു മാസമായി കുവൈത്തിലെ വിവിധ ക്യാമ്പുകളില്‍ തങ്ങളുടെ ഊഴം കാത്ത് കിടക്കുകയായിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശ പ്രകരമാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. 12,000 ളം ഇന്ത്യക്കാര്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയതായാണ് വിവരം. പൊതുമാപ്പ് രജിസ്റ്റർ ചെയ്ത ഈജിപ്തുകാരും ബംഗ്ലാദേശ്, ശ്രീലങ്ക പൗരന്മാരും പോയിത്തുടങ്ങിട്ടും ഇന്ത്യക്കാരുടെ യാത്ര അനിശ്ചിതമായി നീളുന്നതിൽ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.

കൊറോണയുടെ പശ്ചാത്താലത്തില്‍ രാജ്യത്ത് ക്വാറന്‍റൈന്‍ അടക്കമുള്ള സജ്ജീകരണങ്ങളുടെ ലഭ്യത കുറവാണ് ആളുകളെ കൊണ്ടുപോകുവാന്‍ വിമുഖത കാട്ടുവാന്‍ കാരണം. നാളെയും രണ്ട് വിമാനങ്ങള്‍ ഇന്ത്യക്കാരെ കൊണ്ടുപോകുവാന്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9.05ന് ആന്ധ്രയിലെ വിജയവാഡയിലേക്കും 11.15ന് ഉത്തർപ്രദേശിലെ ലക്നോവിലേക്കുമാണ് ജസീറ എയർവേയ്സ് വിമാനം സർവീസ് നടത്തുന്നത്. രണ്ട് വിമാനത്തിലും 145 യാത്രക്കാർ വീതമാണ് ഉണ്ടാവുക.

റിപ്പോർട്ട്: സലിം കോട്ടയിൽ