ജോസഫ് വാഴക്കന്‍റെ റെയിന്‍ബോ പദ്ധതിക്ക് ഖത്തര്‍ ടെക് കമ്പനിയുടെ കൈത്താങ്ങ്
Thursday, May 21, 2020 6:23 PM IST
ദോഹ : കെപിസിസി വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ജോസഫ് വാഴക്കന്‍ രൂപീകരിച്ച റെയിന്‍ബോ പദ്ധതിക്ക് ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഖത്തര്‍ ടെക് കമ്പനിയുടെ കൈത്താങ്ങ്.

വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ പുരോഗതിക്ക് വേണ്ടി ജോസഫ് വാഴക്കന്‍ രൂപീകരിച്ച പദ്ധതിയാണ് റെയിന്‍ബോ. ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന്‍റെ പിതാവിന്റെയും മാതാവിന്റെയും സ്മരണാര്‍ത്ഥം രൂപീകരിച്ച കോല്‍കുന്നേല്‍ കെ.പി ജോണ്‍ - ചിന്നമ്മ ജോണ്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായം എത്തിക്കുന്നത്.

മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുകളും ധനസഹായം നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഖത്തര്‍ ടെക് പ്രതിനിധി എല്‍ദോസ് ജെബി നിർവഹിച്ചു.

രോഗികള്‍ക്ക് മരുന്നും ഭക്ഷ്യധാന്യകിറ്റുകളും ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി ഉല്ലാസ് തോമസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി ഷൈജു പി.എസ്, ഷാജി പുളിക്കത്തടത്തില്‍, മുന്‍ ആരക്കുഴ പഞ്ചായത്ത് മെമ്പര്‍, എല്‍ദോസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.