ഒമാനിൽ മരിച്ച സുജിത്തിന്‍റേയും ബിജീഷിന്‍റേയും മൃതദേഹങ്ങൾ സംസ്കരിച്ചു
Tuesday, March 31, 2020 6:32 PM IST
മസ്കറ്റ്‌: മലവെള്ള പാച്ചിലിൽ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽ പെട്ടു മരണമടഞ്ഞ കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടിൽ സുജിത് സുപ്രസന്നന്‍റെയും കണ്ണൂർ തലശേരി എരഞ്ഞോളി മാറോളി പുത്തൻപുരയിൽ ബിജീഷിന്‍റെയും മൃതദേഹങ്ങൾ സോഹാർ ശ്മശാനത്തിൽ സംസ്കരിച്ചു.

ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിർ ആണ് ഇതിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ സർവീസ് നിർത്തിവച്ചതിനെ തുടർന്നു ഭൗതിക ശരീരങ്ങൾ നാട്ടിലേക്ക് കൊണ്ടു പോവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഒമാനിൽ തന്നെ സംസ്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാഹനം ഒഴുക്കിൽ പെട്ടതറിഞ്ഞ ഉടൻ തന്നെ തിരച്ചിൽ നടത്താൻ തയാറായ റോയൽ ഒമാൻ പോലീസിനും ഒമാനിലെ മറ്റ് അധികാരികൾക്കും ആവശ്യമായ ഇടപെടലുകൾ നടത്തിയ ഇന്ത്യൻ എംബസിക്കും സഹകരിച്ച എല്ലാവർക്കും ജാബിർ നന്ദി അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം