വര്‍ഗീയതക്കെതിരായ സമരങ്ങള്‍ മതനിരപേക്ഷമായി സംഘടിപ്പിക്കണം: എം സ്വരാജ്
Wednesday, January 8, 2020 2:58 PM IST
റിയാദ് : വര്‍ശീയതയെ, വര്‍ശീയമായി ചേരി തിരിഞ്ഞല്ല നേരിടേണ്ടതെന്നും വര്‍ഗ്ഗീയതക്കെതിരായ സമരങ്ങള്‍ മതനിരപേക്ഷമായി സംഘടിപ്പിക്കപ്പെടേണ്ടതാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎല്‍എ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഗള്ഫിലെ മോഡേണ്‍ മിഡില്‍ ഈാസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് ഒന്നര മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗം സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന റിയാദിലെ പ്രവാസി സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തുന്നതായിരുന്നു.

ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗ്ഗീയത കൊണ്ട് നമുക്ക് തോല്‍പ്പിക്കാനാവില്ല. രാഷ്ട്രീയ അധികാരം പിടിച്ചു പറ്റാന്‍ വിശ്വാസത്തെ കൂട്ടുപിടിക്കുക എന്നതാണ് വര്‍ഗീയതയുടെ തന്ത്രം. ഏത് വിശ്വാസത്തെ ആരുപയോഗിച്ചാലും അത് വര്‍ഗ്ഗീയതയാണ്. ഇന്ത്യയിലെ തെരുവുകളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമരം മതനിരപേക്ഷമായാണ് സംഘടിപ്പിക്കപ്പെടേണ്ടത് എന്നാണ് സിപിഎം അഭിപ്രായം. അതാണ് സി പി ഐ എം ചെയ്തുകൊണ്ടിരിക്കുന്നതും. പൗരത്വ നിയമത്തിനെതിരായ സമരത്തിലും വര്‍ഗീയമായി ധ്രുവീകരണം നടത്തി അതില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുമുണ്ട്. അത് മതനിരപേക്ഷ പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേളിദിനം 2020 ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സുനില്‍ സുകുമാരന്‍ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സജീവന്‍ ചൊവ്വ, കേളിദിനം 2020ന്റെ മുഖ്യ പ്രായോജകരായ ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ പ്രതിനിധി റിയാസ്, ടോണി (ജോയ് ആലുക്കാസ്), ജമാല്‍ ഫൈസല്‍ ഖ്ഹത്താനി (ജോസ്‌കോ പൈപ്പ്), ശ്രീമതി എം ഷാഹിദ (മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), മണി വി പിള്ള (മണി ബ്രദേഴ്‌സ്), കാസിം (സഫാമക്ക), രമേശ് കൊറ്റി (ശരവണ ഭവന്‍), അറബ്‌കോ എം ഡി രാമചന്ദ്രന്‍, നാജിദ് ടെലികോം പര്‍ച്ചയ്‌സ് മാനേജര്‍ ഷരീഫ്, പാരാഗണ്‍ ഗ്രൂപ്പ് എം ഡി ബഷീര്‍ മുസ്‌ല്യാരകത്ത്, പ്രസാദ് (അല്‍ മാതേഷ്), സിദ്ദിഖ് (അല്‍ കോബ്ലാന്‍), നൗഷാദ് കോര്‍മത്ത് (ചില്ല കോര്‍ഡിനേറ്റര്‍), കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, എന്‍ആര്‍കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കെവിള, ഒഐസിസി ട്രഷറര്‍ നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കണ്ണപുരം ചടങ്ങിന് നന്ദി പറഞ്ഞു.