കെഎംസിസി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്‍റെ ഓർമകളുമായി അവർ ഒത്തുകൂടി
Friday, December 6, 2019 9:27 PM IST
ദുബായ്:പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടിയപ്പോള്‍ കെഎംസിസി ആസ്ഥാനത്ത് നിറഞ്ഞ സദസിന് അത് വേറിട്ട അനുഭവമായി.

അര നൂറ്റാണ്ടോളം പ്രവാസ ജീവിതത്തിന്‍റെ തിരക്കു പിടിച്ച നാളുകളില്‍ കെഎംസിസി രംഗത്ത് നിറഞ്ഞു നിന്ന പഴയകാല നേതാക്കന്മാരെയും പ്രവര്‍ത്തകരെയുമാണ്‌ യുഎഇ യുടെ നാൽപ്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിന്‍റെയും ദുബായ് കെഎംസിസി നാൽപ്പത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെയും ഭാഗമായി ആദരിച്ചത്. തലമുറ സംഗമത്തിൽ 40 വർഷം പിന്നിട്ട 75 പേരെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

അൽ ബറാഹയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടി പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. യുഎ ഇ കെഎംസിസി പ്രസിഡന്‍റ് ഡോ.പുത്തൂർ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.സയിദ് ഹാമിദ് കോയമ്മ തങ്ങൾ, ഡോ.പി.എ ഇബ്രാഹിം ഹാജി, എ.പി ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീന്‍, പി.കെ അന്‍വര്‍ നഹ,മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ എസ്.ഗഫാർ, ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, ഒ.കെ.ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ തുടങ്ങിയവർ സംബന്ധിച്ചു. സബ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും കൺവീനർ പി.വി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ