കൃപേഷിനു ശരത്തിനും വീട് ഒരുക്കിയ ഹൈബിക്ക് പ്രവാസികളുടെ അഭിനന്ദനം
Thursday, December 5, 2019 9:00 PM IST
ദുബായ് : കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റേയും കുടുംബത്തിന് വീടു വച്ചു നല്‍കാന്‍ നേതൃത്വം നല്‍കിയ ഹൈബി ഈഡന്‍ എംപിക്ക് പ്രവാസികളുടെ അഭിനന്ദനം. കാസര്‍ഗോഡ് ജില്ലക്കാരുടെ ദുബായിലെ കോണ്‍ഗ്രസ് കൂട്ടായ്മ, ഇന്‍കാസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഹൈബി ഈഡൻ.

കൂട്ടായ്മയുടെ പ്രഥമ മാധ്യമ പുരസ്‌കാരം ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് , എല്‍വിസ് ചുമ്മാറിന് ഹൈബി ഈഡന്‍ സമ്മാനിച്ചു. ജയ്ഹിന്ദ് ടിവിയിലെ, മിഡില്‍ ഈസ്റ്റ് ദിസ് വീക്ക് എന്ന, വാര്‍ത്താധിഷ്ടിത പരിപാടിയിലെ, 2019 ലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അംഗീകാരം. വിവിധ വിഭാഗങ്ങളിലായി, പ്രമോദ് പുറവങ്കര , നസീര്‍ വാടാനപ്പള്ളി , നന്ദി നാസിര്‍ , സലാം പാപ്പിനശേരി ,ഡോ. അബ്ദുല്‍ ലത്തീഫ് , അഹ്മദ് ശിബ്ലി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ഇന്‍കാസ് ദുബായ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് മുനീര്‍ കുമ്പള അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നേല്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുപറമ്പില്‍, ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരിയില്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്‍റ് ഇ.പി. ജോണ്‍സണ്‍ എന്നിവര്‍ ചടങ്ങിൽ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി. കെ വി മുരളീധരന്‍ , അഹമ്മദ് അലി , സുനില്‍ ആവിക്കല്‍ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള