"സഹവസിക്കാം പ്രവാചകനോടൊപ്പം’ ഹദീസ് സെമിനാർ സംഘടിപ്പിച്ചു
Monday, December 2, 2019 9:36 PM IST
ജിദ്ദ: തനിമ സൗത്ത് സോൺ വനിതാവിഭാഗവും സ്റ്റുഡൻസ് ഇന്ത്യ ഗേൾസും സംയുക്തമായി ‘കാലികമാണ് പ്രവാചക സാക്ഷ്യം’ എന്ന കാമ്പയിനിന്‍റെ ഭാഗമായി ‘സഹവസിക്കാം പ്രവാചകനോടൊപ്പം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഹദീസ് സെമിനാർ സ്ത്രീകളുടെ വമ്പിച്ച പ്രാതിനിധ്യം കൊണ്ടും വിഷയ വ്യതിരിക്തത കൊണ്ടും ശ്രദ്ധേയമായി.

ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സെമിനാർ ജിദ്ദ നാഷണൽ ആശുപത്രി ഡോക്ടർ മുഷ്കാത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജിദ്ദയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രവാചകനെക്കുറിച്ച് കൂടുതൽ പഠിക്കാനും ഇടപഴകാനും ഇതുവഴി സാധ്യമാകുമെന്നും ഡോ.മുഷ്കാത്ത് പറഞ്ഞു. ‘മൈ പ്രോഫറ്റ് മൈ റോൾ മോഡൽ’ എന്ന വിഷയത്തിൽ ജിദ്ദ സൗത്ത് സ്റ്റുഡൻസ് ഇന്ത്യ ഗേൾസ് പ്രസിഡന്‍റ് ഷിയാ ഷിയാസും ‘നിത്യജീവിതം സുന്ദരമാക്കാം പ്രവാചക വചനങ്ങളിലൂടെ’ എന്ന വിഷയം
നസീമ ഹാരിസും അവതരിപ്പിച്ചു. എന്താണ് ഹദീസ്, ഹദീസിന്‍റെ പ്രാമാണികത,
ഹദീസ് ഗ്രന്ഥങ്ങൾ എന്നീ വിഷയത്തിൽ തനിമ സൗത്ത് സോൺ വൈസ് പ്രസിഡന്‍റ് കെ.എം. അനീസ് പ്രഭാഷണം നടത്തി. റബീഅ ഷമീമിന്‍റെ കഥാപ്രസംഗം, മലർവാടി കുരുന്നുകളുടെ ആക്ഷൻ സോംഗ് എന്നിവയും അരങ്ങേറി. വിഷയ സംബന്ധമായി വനിതകളിലും ടീൻസ് ഗേൾസിലും നടത്തിയ പോസ്റ്റർ മേക്കിംഗ് മത്സരത്തിൽ യഥാക്രമം റസീന ഇബ്നു, ബാസിമ നബ്ഹാൻ, ഫാത്തിമ റസ്നൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനും ആയിഷ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.

ടീൻസ് വിഭാഗത്തിൽ ഫാത്തിമ ഹന, ഹവ്വാ കുഞ്ഞായിൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.
തനിമ സൗത്ത് വനിത വിഭാഗം പ്രസിഡന്‍റ് റുക്‌സാന മൂസ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി മുഹ്സിന നജ്മുദ്ദീൻ സ്വാഗതവും മേഖല സെക്രട്ടറി ഷെമി ജാബിർ നന്ദി പ്രകാശനവും
നിർവഹിച്ചു. ഇൽഹാം സിദ്ദീഖ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഷഹർബാൻ നൗഷാദ് അവതാരകയായിരുന്നു.

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ