തൊഴിൽമേഖല ഉപേക്ഷിച്ച് പുതുതലമുറ പുതിയ തൊഴിലിടങ്ങളിലേക്ക്
1571797
Tuesday, July 1, 2025 1:51 AM IST
ഒറ്റപ്പാലം: കൈത്തറി നെയ്ത്തു തൊഴിലാളികൾക്ക് പറയാനുള്ളത് ദുരിതകഥ മാത്രം. കൈത്തറി മേഖല വളരെ വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇവയുടെ നിലനിൽപ്പ്തന്നെ അവതാളത്തിലായിക്കഴിഞ്ഞു.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഈ തൊഴിൽ മേഖലയെ വഴിമുട്ടിക്കുന്നത്. നൂറുകണക്കിന് തൊഴിലാളികൾ ഈ മേഖലയോട് ഇതിനകംതന്നെ വിടപറഞ്ഞു കഴിഞ്ഞു. ഇത്തരം യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ കൈത്തറി യൂണിഫോം പദ്ധതിയും ഇവർക്ക് ഗുണകരമായില്ല. യൂണിഫോം നെയ്ത്തിന്റെ വേതനം കിട്ടാത്തതിനാൽ ഇവർക്ക് ഇതും പാതിവഴിയിൽ നിർത്തേണ്ട സ്ഥിതിയാണുണ്ടായത്.യൂണിഫോം നെയ്ത്തിലൂടെ പ്രതിസന്ധി ഒഴിവായി കരകയറാമെന്ന മോഹവും ഇതോടെ അസ്തമിച്ചു കഴിഞ്ഞു.
പദ്ധതി നടപ്പാക്കിയതിനുപിന്നാലെ വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ നെയ്ത്താണ് ഒന്നരവർഷംമുൻപ് നിർത്തിയത്. യൂണിഫോം നെയ്ത്തിന് രണ്ടുതൊഴിലാളികളാണ് രാവന്തിയോളം തൊഴിലെടുത്തിരുന്നത്. ഒരുദിവസം രണ്ടു തൊഴിലാളികൾ ചേർന്ന് 20 മീറ്ററിലേറെ യൂണിഫോം തുണികളാണു നെയ്തുണ്ടാക്കിയിരുന്നത്. മാസത്തിൽ 500 മീറ്ററോളം തുണി പാലപ്പുറത്തുനിന്നുമാത്രം യൂണിഫോമായി കുട്ടികളുടെ കൈകളിൽ എത്തിയിരുന്നു. ആദ്യകാലങ്ങളിൽ വേതനം കൃത്യമായി ലഭിച്ചെങ്കിലും പിന്നീട് കാലതാമസം വന്നുതുടങ്ങി.
ആറുമാസത്തിലധികം വേതനക്കുടിശിക വന്നുതുടങ്ങിയതോടെ ഒരാൾ തൊഴിൽ നിർത്തി. മറ്റൊരാൾ ഇതുകാരണവും വാർധക്യസഹജമായ പ്രശ്നങ്ങളുംമൂലം നെയ്ത്തിൽനിന്ന് പിന്മാറി. നെയ്ത്തിൽനിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചാണ് തൊഴിലാളികൾ മുന്നോട്ടുപോയിരുന്നത്. സർക്കാർ വഴി പണം നേരിട്ട് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണുചെയ്തിരുന്നത്. തൊഴിലാളികൾ ഇല്ലാതായതോടെ അതുവഴി സഹകരണസംഘത്തിനുലഭിച്ച വരുമാനവും നിലച്ചു.
സഹകരണസംഘത്തിൽ കൈത്തറി നെയ്ത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് സർക്കാർ നൽകിയിരുന്ന പ്രൊഡക്ഷൻ ഇൻസെന്റീവും അഞ്ചുവർഷത്തോളമായി കുടിശികയാണ്. അഞ്ച് നെയ്ത്തുതൊഴിലാളികൾക്ക് 2019 സെപ്റ്റംബർമുതൽ 2023 വരെയാണ് കുടിശികയുള്ളത്. ഈയിനത്തിൽ ഏകദേശം ഒൻപതുലക്ഷം രൂപയാണ് കുടിശികയായിക്കിടക്കുന്നത്.
ഒരു ദിവസം നാലുമീറ്ററിൽ കൂടുതൽ തുണി നെയ്യുന്ന തൊഴിലാളികൾക്ക് മാസാമാസം സർക്കാർ അനുവദിക്കാറുള്ളതാണു പ്രൊഡക്ഷൻ ഇൻസെന്റീവ്. തുണി കുലത്തൊഴിലാളി സ്വീകരിച്ചു വന്നിരുന്ന ഒരു ജാതി സമൂഹം തന്നെ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നുണ്ട് എന്നാൽ പുതിയ തലമുറയിൽ പെട്ടവർ ഈ തൊഴിൽ എടുക്കാൻ തയ്യാറാകുന്നില്ല. ജീവിതം വഴിമുട്ടി പോകും എന്നുള്ളതാണ് ഇതിന് കാരണം.