ഗതാഗതക്കുരുക്ക്: സംയുക്തപഠനം തുടങ്ങി
1571792
Tuesday, July 1, 2025 1:51 AM IST
കോയമ്പത്തൂർ: നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിവിധ പ്രധാന റോഡ് ജംഗ്ഷനുകളിൽ വാഹനങ്ങളുടെ സുഗമമായ ചലനം ഉറപ്പാക്കുന്നതിനായി കോർപറേഷൻ റോഡ് ഗതാഗത വിദഗ്ധരുമായും സ്വകാര്യ സംഘടനകളുമായും സംയുക്തപഠനം ആരംഭിച്ചു.
നഗരത്തിലെ വാഹനങ്ങളുടെ എണ്ണം വർഷം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ചില സമയങ്ങളിൽ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ടി വരുന്നു.
നഗരത്തിലെ 15 പ്രധാന റോഡ് ജംഗ്ഷനുകൾ മെച്ചപ്പെടുത്താൻ കോയമ്പത്തൂർ കോർപറേഷൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ, ഒരു വിദഗ്ദ്ധ സമിതി കോർപറേഷനും സ്വകാര്യ സംഘടനകളും സംയുക്തമായി ഒരു പഠനം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
15 ജംഗ്ഷനുകളിൽ 4 എണ്ണത്തിൽ കമ്മീഷണർ പരിശോധന നടത്തി. കോയമ്പത്തൂർ നഗരത്തിലെ ഗതാഗതക്കുരുക്കുള്ള ചില പ്രദേശങ്ങളായ സതിശാല, വിലാങ്കുറിച്ചി, തുടിയലൂർ ബസ് സ്റ്റാൻഡ്, ചുറ്റുമുള്ള റോഡുകൾ, തടകംശാലൈ എന്നിവയും അദ്ദേഹം പരിശോധിച്ചു.
ഈ പ്രദേശങ്ങളിലെ റോഡുകൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പരിഗണനയിലാണ്. സംയുക്ത പരിശോധന നടത്തുന്ന പ്രത്യേകസംഘം സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.