വിദ്യാലയങ്ങളിൽ പേവിഷബാധ ബോധവത്കരണവും വന്യമൃഗ ജാഗ്രതാനിർദേശവും നൽകി
1571791
Tuesday, July 1, 2025 1:51 AM IST
നെല്ലിയാമ്പതി: മലയോര മേഖലയായ നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളായ ജിഎൽപിഎസ് സീതാർകുണ്ട്, ജിഎൽപിഎസ് ചന്ദ്രാമല, എംഇഎൽപിഎസ് പോത്തുപാറ, പിഎച്ച്എസ്എസ് പോളച്ചിറക്കൽ എന്നീ സ്കൂളുകളിൽ സ്പെഷൽ അസംബ്ലി കൂടുകയും പേവിഷബാധയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നൽകുകയും മുഴുവൻ വിദ്യാർഥികളും പേവിഷ ബാധക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പേവിഷബാധ പ്രതിരോധത്തിന്റെ നിർദേശങ്ങൾ അടങ്ങുന്ന പോസ്റ്റർ സ്റ്റിക്കർ രൂപത്തിലാക്കി സ്കൂളുകളിൽ പതിക്കുകയും ചെയ്തു.
നെല്ലിയാമ്പതിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കരടി ആക്രമണത്തിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സന്റെ നിർദേശപ്രകാരം കുട്ടികളും രക്ഷകർത്താക്കളും രാത്രികാലങ്ങളിൽ പാടിയിൽനിന്നും പുറത്തിറങ്ങുമ്പോൾ ടോർച്ച് നിർബന്ധമായും ഉപയോഗിക്കണമെന്നും അനാവശ്യ രാത്രിസഞ്ചാരം ഒഴിവാക്കണമെന്നും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് അസംബ്ലിയിൽ നൽകി. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. അഫ്സൽ, സൈനു സണ്ണി, എസ്. ശരൺറാം ജൂണിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുധിന സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.