ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബാറ്ററി കാർ സർവീസിനു വിലക്ക്
1571794
Tuesday, July 1, 2025 1:51 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബാറ്ററി കാർ സർവീസിനു വിലക്ക്. പ്ലാറ്റ്ഫോമുകളിൽ യാത്രക്കാരെ കൊണ്ടുപോയിരുന്നതായിരുന്നു ഈ ബാറ്ററി കാർ സർവീസ്.
സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതോടെയാണ് റെയിൽവേ സുരക്ഷാവിഭാഗം ബാറ്ററി കാർ സർവീസ് നിർത്താൻ ഉത്തരവിട്ടത്. റെയിൽവേ സ്റ്റേഷനിലെ ഏഴ് പ്ലാറ്റ്ഫോമുകളിലേക്കും യാത്രക്കാരെയും ബാഗേജും കൊണ്ടുപോകാൻ സഹായിച്ചിരുന്ന ബാറ്ററി കാറാണ് സർവീസ് തുടങ്ങിയതിന് തൊട്ട് പുറകെ നിർത്തലാക്കിയത്.
പ്രവേശനകവാടത്തിൽനിന്ന് പ്ലാറ്റ്ഫോമുകളിലേക്ക് യാത്രക്കാരുമായി പോകാനുള്ള ബാറ്ററി കാർ യാത്രക്കാർക്കു ഏറെ സഹായകമായിരുന്നു.
എന്നാൽ, ബാറ്ററി കാറുകൾ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
പ്ലാറ്റ്ഫോമുകളിൽമാത്രം സർവീസ് നടത്താൻ അനുമതി നൽകിയ ബാറ്ററി കാർ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് പരാതിയായതോടെ സേഫ്റ്റി കമ്മീഷണർ ഇടപെടുകയായിരുന്നു. ഇതോടെ യാത്രക്കാർ വീണ്ടും ഭാരമേറിയ ലഗേജുമായി പ്ലാറ്റ്ഫോമുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
രണ്ടാമത്തെ മേൽപ്പാലം പണി നടക്കുന്നതിനാൽ പ്ലാറ്റ്ഫോമുകളുടെ പടിഞ്ഞാറേ അറ്റത്തെ മേൽപ്പാലം മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. പ്രവേശനകവാടംമുതൽ മേൽപ്പാലം കയറി ഏഴാമത്തെ പ്ലാറ്റ്ഫോമിലെത്തുംവരെ നടക്കണം.
പ്രായമായവരും ഗർഭിണികളും ഉൾപ്പെടെയുള്ളവർ ഏറെ പ്രയാസപ്പെടുന്നുണ്ട്. ബാറ്ററി കാർ സർവീസ് വീണ്ടും പുനരാരംഭിക്കുവാൻ നടപടി വേണമെന്ന് യാത്രക്കാരുടെ ഭാഗത്തുനിന്നും ആവശ്യമുയർന്നിട്ടുണ്ട്.