നെല്ലിയാമ്പതി റോഡിൽ കൂറ്റൻമരം കടപുഴകി; ഗതാഗതം തടസപ്പെട്ടു
1563688
Saturday, May 31, 2025 12:56 AM IST
നെല്ലിയാമ്പതി: കനത്ത മഴയിലും കാറ്റിലും നെല്ലിയാമ്പതിയിൽ കൂറ്റൻമരം റോഡിനു കുറുകെ കടപുഴകി വീണതുമൂലം ഗതാഗതം തടസപ്പെട്ടു. നാലുദിവസത്തോളം റോഡിൽ വീണുകിടന്നമരം വൻ ഗതാഗത തടസമാണുണ്ടാക്കിയത്.
സീതാർകുണ്ട് ഗ്രീൻലാൻഡ് റോഡിലാണ് പടുകൂറ്റൻ മരം വീണത്. തുടർച്ചയായി മഴ പെയ്തതുമൂലം നാലുദിവസമായിട്ടും മരം മുറിച്ചുമാറ്റാൻ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച വീണ മരം ഇന്നലെയാണ് പൊതുപ്രവർത്തകൻ പി.ഒ. ജോസഫിന്റെ നേതൃത്വത്തിലുള്ളവർ മുറിച്ചുമാറ്റിയത്. ഗ്രീൻഡ് ലാൻഡ് ഫാം ജീവനക്കാരായ സതീഷ്, മനോഹരൻ, മാനേജർ മാർട്ടിൻ, ടോമി എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. മഴക്കാലത്ത് നെല്ലിയാമ്പതിയിൽ വൻമരങ്ങൾ കടപുഴകിവീഴുന്ന സംഭവം സാധാരണമാണ്.
ഈസമയങ്ങളിലെല്ലാം രക്ഷാദൗത്യവുമായി പി.ഒ. ജോസഫും സംഘവും നേരത്തെയും രാപകൽ വ്യത്യാസമില്ലാതെ രംഗത്തിറങ്ങിയിരുന്നു.