കോയമ്പത്തൂരിൽ യുവതി ഭൂഗർഭ അഴുക്കുചാലിൽ വീണു
1430054
Wednesday, June 19, 2024 1:51 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ തുറന്ന ഭൂഗർഭ അഴുക്കുചാലിൽ വീണ് യുവതിക്ക് പരിക്കേറ്റു. ഗാന്ധിപുരത്ത് നിരവധി വാണിജ്യ സ്ഥാപനങ്ങൾ, ആഭരണശാലകൾ, ഗൃഹോപകരണ, ഇലക്ട്രോണിക്സ് കടകൾ എന്നിവ പ്രവർത്തിക്കുന്ന നൂറടി റോഡിലാണ് അപകടം. ദിവസങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ഭൂഗർഭ ഓവുചാൽ കുഴിച്ചിരുന്നു. പക്ഷേ തുറന്നിട്ട ഭൂഗർഭ അഴുക്കുചാൽ അടച്ചിരുന്നില്ല.
പ്രദേശത്തെ ജനങ്ങൾ നിരവധി തവണ ആരോഗ്യവകുപ്പ് അധികൃതരോട് പരാതിപ്പെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പരാതിയിൽ നടപടിയെടുക്കാതെ അധികൃതർ അലംഭാവം കാട്ടുകയാണെന്ന് പരാതി ഉയർന്നിരുന്നു. അതുവഴി വന്ന ഒരു യുവതി തുറന്നിട്ട ഭൂഗർഭ അഴുക്കുചാലിലെ കുഴി ശ്രദ്ധിക്കാതെ പൊടുന്നനെ കുഴിയിൽ വീഴുകയായിരുന്നു. ഇതേത്തുടർന്ന് യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
സമീപവാസികൾ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്തകൾ പുറത്തുവന്നതോടെ കോയമ്പത്തൂർ കോർപറേഷൻ കമ്മിഷണർ ശിവഗുരു പ്രഭാകരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുകയും തുറന്ന ഭൂഗർഭ അഴുക്കുചാലുകൾ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു.