വോട്ടിംഗ് യന്ത്രങ്ങൾ: ചിലത് പണിമുടക്കി, മറ്റുള്ളവ ‘ഇഴഞ്ഞു’
Saturday, April 27, 2024 4:14 AM IST
കൊ​ച്ചി: മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ​ണി​മു​ട​ക്കും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വേ​ണ്ടി​വ​ന്ന അ​ധി​ക സ​മ​യ​വും ക​ല്ലു​ക​ടി​യാ​യി. വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ നി​ന്ന് ബീ​പ് ശ​ബ്ദം വ​രാ​ന്‍ താ​മ​സം നേ​രി​ട്ട​തി​നാ​ല്‍ ര​ണ്ട് മു​ത​ല്‍ മൂ​ന്ന് മി​നി​റ്റ് വ​രെ​യാ​ണ് ഒ​രാ​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി മ​ട​ങ്ങാ​ന്‍ വേ​ണ്ടി​വ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പ​ണി​മു​ട​ക്കി​യ​തും പോ​ളിം​ഗ് താ​ളം തെ​റ്റി​ച്ചു.

പെ​രു​മ്പാ​വൂ​രി​ല്‍ രാ​വി​ലെ ത​ന്നെ മൂ​ന്ന് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി. ചേ​ലാ​മ​റ്റം വി​ശ്വ​ക​ര്‍​മ്മ​യി​ലെ 10-ാം ബൂ​ത്തി​ലും പെ​രു​മ്പാ​വൂ​ര്‍ ഗേ​ള്‍​സി​ലെ 91-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും പ​ട്ടാ​ല്‍ പെ​രി​യാ​ര്‍​വാ​ലി 83-ാം ന​മ്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​ത്. പെ​രി​യാ​ര്‍​വാ​ലി ബൂ​ത്തി​ല്‍ സ​മ​യം വൈ​കി​യ​ത് ചെ​റി​യ സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​യി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചി​ല വോ​ട്ട​ര്‍​മാ​ര്‍ മ​ട​ങ്ങി​പ്പോ​യി. ഇ​വി​ടെ 8.15ഓ​ടെ​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നാ​യ​ത്.

ഏ​ലൂ​രി​ല്‍ 117-ാം ബൂ​ത്താ​യ ഏ​ലൂ​ര്‍ ഫാ​ക്ട് ഈ​സ്റ്റേ​ണ്‍ യു​പി സ്‌​കൂ​ളി​ലും 128-ാം ബൂ​ത്താ​യ മ​ഞ്ഞു​മ്മ​ല്‍ ഇ​സ​ത്തു​ല്‍ ഇ​സ്‌​ലാം മ​ദ്ര​സ​യി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ പ​ണി​മു​ട​ക്കി. 117-ാം ബൂ​ത്തി​ല്‍ ആ​ദ്യ മോ​ക് പോ​ള്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷം തു​ട​ര്‍​ച്ച​യാ​യി വി​പി പാ​റ്റു​ക​ള്‍ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

തു​ട​ര്‍​ച്ച​യാ​യി 21 സ്ലി​പ്പു​ക​ള്‍ ത​നി​യെ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് യ​ന്ത്രം മാ​റ്റി​വ​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ വൈ​കി എ​ട്ടോ​ടെ​യാ​ണ് ഇ​വി​ടെ വോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നാ​യ​ത്. 128-ാം ബൂ​ത്തി​ല്‍ മോ​ക്‌ പോ​ള്‍ ചെ​യ്ത​തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളെ തു​ട​ര്‍​ന്ന് മ​റ്റൊ​രു മെ​ഷീ​ന്‍ മാ​റ്റി​വ​ച്ച് 7.50നാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.

വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ളി​ല്‍ നേ​രി​ട്ട കാ​ല​താ​മ​സം മൂ​ലം തൃ​പ്പൂ​ണി​ത്തു​റ ഗ​വ​ൺ​മെ​ന്‍റ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ 56-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​കം കാ​ത്തു നി​ന്ന ശേ​ഷ​മാ​ണ് പോ​ളിം​ഗ് തു​ട​ങ്ങാ​നാ​യ​ത്. പ​രി​ച​യ സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വ​വും ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​ക്കി. പാ​ല​സ് സ്‌​കൂ​ളി​ലെ പോ​ളിം​ഗ് കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ല്‍ എ​ന്‍​ഡി​എ സ്ഥാ​പി​ച്ച ബൂ​ത്തി​ല്‍ നി​ന്ന് സ്ഥാ​നാ​ര്‍​ഥി​യു​ടെ പോ​സ്റ്റ​റു​ക​ളും മ​റ്റും പോ​ലീ​സ് ഇ​ട​പെ​ട്ട് നീ​ക്കി​യ​ത് ചെ​റി​യ ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി.

മാ​ട​വ​ന എ​ല്‍​പി സ്‌​കൂ​ളി​ല്‍ 30-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ പോ​ളിം​ഗ് മെ​ല്ലെ​യാ​യി​രു​ന്ന​തി​നാ​ൽ വൈ​കി​ട്ടും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട​നി​ര ഉ​ണ്ടാ​യി​രു​ന്നു. നെ​ട്ടൂ​ര്‍ വി​മ​ല​ഹൃ​ദ​യ ച​ര്‍​ച്ച് ബൂ​ത്ത് 17ല്‍ ​രാ​വി​ലെ 11ഓ​ടെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. പ​ന​ങ്ങാ​ട് ഉ​ദ​യ​ത്തും​വാ​തി​ല്‍ സ്‌​കൂ​ളി​ലെ 92-ാം ബൂ​ത്തി​ല്‍ പോ​ളിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്ത് യ​ന്ത്രം ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍​ന്ന് പോ​ളിം​ഗ് വൈ​കി.

ആ​ലു​വ കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ട് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് പോ​ളിം​ഗ് നി​ര്‍​ത്തി​വ​ച്ചു. മ​ര​ങ്ങാ​ട് കൈ​നാ​ട​ന്‍​മ​ല 106-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി ബൂ​ത്തി​ല്‍ ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് പോ​ളിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. നാ​ലാം​മൈ​ല്‍ കാ​ര്‍​മ​ല്‍ ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ 116-ാം ന​ന്പ​ർ ബൂ​ത്തി​ല്‍ യ​ന്ത്രം ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​മു​ട​ക്കി.

എ​ട​യ​പ്പു​റം കെ​എം​സി സ്‌​കൂ​ളി​ല്‍ ഉ​ള്ള 113-ാം ന​ന്പ​ർ ബൂ​ത്തി​ല്‍ രാ​വി​ലെ പോ​ളിം​ഗ് വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഏ​റെ​നേ​രം ക്യൂ​വി​ല്‍ നി​ന്ന​ശേ​ഷം പ​ല​രും വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങി. കു​റു​പ്പം​പ​ടി രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് 136-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും അ​ങ്ക​മാ​ലി തു​റ​വൂ​ര്‍ 113-ാം ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പ​ണി​മു​ട​ക്കി.