കുതിപ്പ് തുടര്‍ന്ന് എറണാകുളം
1372478
Wednesday, November 22, 2023 6:42 AM IST
പിറവം: ഗ്ലാമര്‍ ഇനങ്ങള്‍ അരങ്ങു തകര്‍ത്ത രണ്ടാം ദിനത്തിലും കുതിപ്പ് തുടര്‍ന്ന് എറണാകുളം ഉപജില്ല. 338 പോയിന്റോടെയാണ് എറണാകുളം മുന്നിട്ടുനില്‍ക്കുന്നത്. 318 പോയിന്റുള്ള മൂവാറ്റുപുഴയാണ് തൊട്ടുപിന്നല്‍. മട്ടാഞ്ചേരി (311). പെരുമ്പാവൂര്‍ (301), നോര്‍ത്ത് പറവൂര്‍ (292) എന്നീ ഉപജില്ലകളാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ തുടരുന്നത്. സ്കൂള്‍ വിഭാഗത്തില്‍ 97 പോയിന്റുമായി എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസ് ആണ് മുന്നില്‍. 90 പോയിന്റോടെ എറണാകുളം സെന്റ് തെരേസാസ് സ്കൂള്‍ തൊട്ടുപിന്നിലുണ്ട്. , 82 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസാണ് മൂന്നാമത്.
മത്സരത്തിനിടെ പല വേദികളിലും അപ്രതീക്ഷിതമായി വൈദ്യുതി ബന്ധം നിലച്ചത് മത്സരാര്‍ഥികളെ സാരമായി ബാധിച്ചു. യുപി വിഭാഗം ഒപ്പന മത്സരത്തിനിടെ ഒരു മത്സരാര്‍ഥി കുഴഞ്ഞുവീണത് ആശങ്കയ്ക്കിടയാക്കി, ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി.
ഭരതനാട്യം, മൂകാഭിനയം, നാടകം, തിരുവാതിര, കോല്‍ക്കളി, വട്ടപ്പാട്ട് ഇനങ്ങളില്‍ ഇന്നാണ് മത്സരം. കലോത്സവം രാവിലെ അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അപ്പീൽ പ്രളയം
കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോള്‍ 24 അപ്പീലുകള്‍ ഫയല്‍ ചെയ്തു. ഇന്നലെ മാത്രം ഹയര്‍സെക്കൻഡറി-എട്ട് , ഹൈസ്കൂള്‍ -എട്ട് , യുപി-ഒന്ന് എന്നിങ്ങനെയാണ് അപ്പീലുകള്‍.
പന്തും പദ്യവും സ്നേഹയ്ക്ക് നിസാരം
പിറവം: ഫുട്ബോള്‍ താരമായ സ്നേഹ ഫെലിക്സിന് പന്തു മാത്രമല്ല പദ്യവും വഴങ്ങും. എച്ച്എസ്എസ് വിഭാഗത്തിലെ ഹിന്ദി പദ്യം ചൊല്ലലിലാണ് കോതമംഗലം മാര്‍ ബേസിലിലെ സ്നേഹ ഒന്നാംസ്ഥാനം നേടിയത്. എറണാകുളം ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ടീമിലെ പ്രതിരോധ താരമായ സ്നേഹയ്ക്ക് അമ്മ നീനയാണ് കവിത പഠിപ്പിച്ചു നല്‍കിയത്.
പോലീസിന്റെയോ ഗുണ്ടാ ആക്രമണങ്ങളോ അല്ല മിണ്ടാതിരിക്കുന്ന മനുഷ്യനാണ് ഏറ്റവും അപകടമെന്ന് പറയുന്ന പാഷിന്റെ ‘സബ്സേ ഖതര്‍നാക്’ എന്ന കവിതയാണ് സ്നേഹ ചൊല്ലിയത്. കഴിഞ്ഞ വര്‍ഷം ഉര്‍ദു പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയ പ്ലസ്ടുക്കാരി ഇത്തവണയും ഈ ഇനത്തില്‍ മത്സരിക്കുന്നുണ്ട്. തൃശൂര്‍ക്കാരിയായ സ്നേഹ ഫുട്ബോള്‍ പരിശീലനത്തിന് വേണ്ടിയാണ് രണ്ടുവര്‍ഷം മുമ്പ് മാര്‍ ബേസിലിലെത്തിയത്. മുന്‍ ഫുട്ബോള്‍ താരമായ അച്ഛനാണ് സ്നേഹയ്ക്ക് സ്പോര്‍ട്സ് വഴിയില്‍ കൂട്ട്.
പല്ലവിക്ക് ഇത് കന്നി വിജയം
പിറവം: കുടുംബപരമായി കിട്ടയ കലാവൈഭവം കൈമോശം വരുത്താതെ പല്ലവി സുരേഷ്. ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തിലാണ് എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെ പത്താം ക്ലാസുകാരി ഒന്നാം സ്ഥാനം നേടിയത്. അമ്മയും കാലടി സംസ്കൃത സര്‍വകലാശാലയിലെ മോഹിനിയാട്ടം അധ്യാപികയായ അനുപമ മേനോനാണ് പല്ലവിയുടെ ഗുരു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് പല്ലവി. കഴിഞ്ഞ വര്‍ഷം വീണയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അക്ഷരശ്ലോകം, ഭരതനാട്യം, വൃന്ദവാദ്യം എന്നീ ഇനങ്ങളില്‍ ഇത്തവണ പല്ലവിക്ക് മത്സരമുണ്ട്. അച്ഛന് നീലംപേരൂര്‍ സുരേഷ് കുമാര്‍ സെന്റ് തേരേസാസ് കോളജിലെ സംഗീത അധ്യാപകനാണ്.
പേള്‍ നടി, ജോസഫ് നടന്
പിറവം: ഹൈസ്കൂള്‍ വിഭാഗം നാടകത്തിൽ മികച്ച നടനായി കിഴക്കമ്പലം സെന്റ് ജോസഫ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജോസഫ് കെ. ഷാജിയും മികച്ച നടിയായി എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെ പേള്‍ സഫ്രോണ്‍ സലീനയും തെരഞ്ഞെടുക്കപ്പെട്ടു. തങ്കം എന്ന നാടകത്തിലെ മികച്ച പ്രകടനത്തിനാണ് ജോസഫിന് പുരസ്കാരം. ചെപ്പനം എന്ന നാടകത്തിലെ മടിയന്‍ എന്ന കഥാപാത്രത്തിലൂടെയാണ് പേളിന്റെ നേട്ടം.
നാടകത്തിൽ ചൊപ്പനം, നടിപ്പിൽ മടിയൻ
പിറവം: നിധി തേടിപ്പോയ മടിയനും സംഘവും ചൊപ്പനത്തിലൂടെ നേടിയത് ഹൈസ്കൂള്‍ വിഭാഗം നാടകത്തില്‍ ഒന്നാംസ്ഥാനവും മികച്ച നടിക്കുള്ള പുരസ്കാരവും. കാക്കിക്കുള്ളില്‍ നിന്നു പിറവിയെടുത്ത ചൊപ്പനം എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെ കുട്ടികളാണ് അരങ്ങിലെത്തിച്ചത്.
നിധി സ്വപ്നം കാണുന്ന മടിയന്‍ എന്ന കഥാപാത്രം സ്വന്തം കാല്‍ച്ചുവട്ടിലെ നിധി കാണാതെ സ്വപ്നത്തിലെ നിധി തേടി അലയുന്നതും ഒടുവില്‍ കാല്‍ച്ചുവട്ടിലെ വിത്ത് എന്ന നിധി കണ്ടെത്തുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം.
മടിയനെ അവതരിപ്പിച്ച പേള്‍ സഫ്രോണ്‍ സെലീന അഭിനയ മികവിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. നാടകത്തിന് തത്സമയം മ്യൂസിക് നല്‍കിയും ടീം സദസിനിടയില്‍ ശ്രദ്ധനേടി. ദിയ ദേവി, ടി.ആര്. ദുര്‍ഗ, പാര്‍വതി, ജെന്നിഫര്‍, അതുല്യ, നര്‍മിന്‍, സേറ, സ്മൃതു, അമുത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജിലന്‍സ് എറണാകുളം യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസറായ സുനില്‍ ചന്ദിരൂര്‍ ആണ് ചൊപ്പനം സംവിധാനം ചെയ്തതും കുട്ടികളെ പരിശീലിപ്പിച്ചതും.
പൂരക്കളിയില്‍ സെന്റ് ജോസഫ്സ് ആരക്കുഴ
പിറവം: നാളിതുവരെ ജില്ലാതല മത്സരത്തിന് യോഗ്യത നേടാതിരുന്നതിലുള്ള സകല വിഷമങ്ങളും ആദ്യവരവില്‍ തീര്‍ത്ത് ആരക്കുഴ സെന്റ് ജോസഫ്സ് എച്ച്എസ് സ്കൂളിലെ പൂരക്കളി സംഘം. മൂന്ന് ടീം മത്സരിച്ച ഹൈസ്കൂള്‍ വിഭാഗം പൂരക്കളിയില്‍ എ ഗ്രേഡോടെയാണ് സെന്റ് ജോസഫ്സ് സ്കൂള്‍ ഒന്നാമതെത്തിയത്.
ഉപജില്ലയിലെ മിന്നും വിജയം ജില്ലയിലും ആവര്‍ത്തിച്ചതോടെ സംസ്ഥാന കലോത്സവത്തിലും മികച്ച പ്രകടനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം. സജീഷ് പയ്യന്നൂരിന്റെ ശിക്ഷണത്തില്‍ ജേക്കബ്, അതുല്‍ കൃഷ്ണ, കനിഷ്ക്, ആദില്‍ കൃഷ്ണ, അതുൽ, അദ്രിനാഥ്, ഡാന്റി ബിനോയ്, ആദര്‍ശ്, അഭിനവ്, സഞ്ജയ്, അഭിഷേക്, നവനീത് എന്നിവരാണ് അരങ്ങിലെത്തിയത്.
ദഫിൽ തണ്ടേക്കാട് പെരുമ
പിറവം: മാപ്പിള കലകളിലെ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആധിപത്യത്തിന് ഇക്കുറിയും കോട്ടം തട്ടിയില്ല. തുടര്‍ച്ചയായ 14-ാം വര്‍ഷവും ദഫ്മുട്ടില് ഒന്നാമതെത്തിയാണ് തണ്ടേക്കാട് പാരമ്പര്യം കാത്തുസൂക്ഷിച്ചത്. പ്രവാചക പ്രകീര്‍ത്തനവും രിഫാഈ ബൈത്തുകളുമായി ദഫിൽ താളപ്പെരുക്കങ്ങള്‍ തീര്‍ത്ത് ഉയര്‍ന്നും താഴ്ന്നും ചെരിഞ്ഞും കുട്ടികള്‍ മുന്നേറിയപ്പോള്‍ നിറഞ്ഞ സദസ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.
സ്വലാത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലവും രണ്ടാംകാലവും മൂന്നാംകാലവുമായി ദഫില്‍ മത്സരാഥികള്‍ കൊട്ടികയറി. രണ്ട് തവണ സ്കൂളിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇത്തവണ എച്ച്എസ് വിഭാഗം മാപ്പിളപ്പാട്ടിലും ഇതേ സ്കൂളിലെ ഫാത്തിമ നൗറിനാണ് ഒന്നാമതെത്തിയത്.
മൂത്തകുന്നത്തിന്റെ മൊഞ്ചത്തിമാര് വേറെ ലെവൽ
പിറവം: തുടര്‍ച്ചയായ 17-ാം വര്‍ഷവും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ ഒന്നാമതായി മൂത്തകുന്നം എസ്എന്‍എംഎച്ച്എസ്എസിലെ മൊഞ്ചത്തിമാര്. ശ്രേയ മനോജ്, ദേവിക വിപിന്‍, ആഷ്മി, ആഷ്ലിന്, അനീറ്റ അഗസ്റ്റിന്, ആര്യനന്ദ, ആര്‍ച്ച സുരേഷ്, പാര്‍വതി സോമന്, ഹിബ ഫാത്തിമ, ആയിഷ നൗറിന് എന്നീ വിദ്യാര്‍ഥികളാണ് താളം പിടിച്ച് വേദിയിലെത്തിയത്. മുന്‍ വര്‍ഷങ്ങളിലെല്ലാം എ ഗ്രേഡോടെ സ്കൂള്‍ സംസ്ഥാനതലത്തിലും മിന്നുന്ന പ്രകടനം നടത്തിയിട്ടുണ്ട്. ജിഹാദ് വലപ്പാടാണ് പരിശീലകന്. കുഞ്ഞുമൊഞ്ചത്തിമാരുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുപി വിഭാഗം ഒപ്പനമത്സരത്തില്‍ ഇടപ്പള്ളി പയസ് ഗേള്‍സ് എച്ച്എസ് ഒന്നാംസ്ഥാനം നേടി.
പറമ്പത്തില്ലത്ത് വീടിന്റെ പടി കടന്നെത്തിയത് രണ്ട് ഒന്നാം സമ്മാനം
പിറവം: ഒരേ ഇനത്തില്‍ രണ്ട് വിഭാഗങ്ങളിലെ മത്സരങ്ങള്‍ക്ക് പിറവത്തുനിന്നു സമ്മാനം പോയത് ഒരേ വീട്ടിലേക്ക്. പെരുമ്പാവൂര്‍ ഗവ. ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പി.ആര്. ദുര്‍ഗ, ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പി.ആര്. ഭദ്ര എന്നിവരാണ് സംസ്കൃത പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
വാഴക്കുളം പറമ്പത്തില്ലത്ത് രാജേന്ദ്രന്റെയും ഗായത്രി ദേവിയുടെയും മക്കളാണ് ഇവർ. ഡോ. ശ്യാം മലയിലും സ്കൂളിലെ സംസ്കൃത അധ്യാപികയായ ഗായത്രി വിനീതുമാണ് പദ്യം പഠിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതല കാവ്യകേളിയില്‍ ദുര്‍ഗയ്ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.
കാഴ്ച പരിമിതിയെ മറികടന്ന് ആമിര്‍
പിറവം: കാഴ്ചപരിമിതിയെ മറികടന്ന് ഹൈസ്കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ ഒന്നാമനായി മുഹമ്മദ് ആമിര്‍. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആമിര്‍ ലഹരിക്കെതിരെ പ്രമേയമാക്കിയ ഉമ്മുല്‍ ഖബാഇസ് (തിന്മകളുടെ മാതാവ്) എന്ന കവിതയാണ് അവതരിപ്പിച്ചത്.
ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ പളളുരുത്തി ഔവർ ലേഡീസ് സിജിഎച്ച്എസ് സ്കൂളിലെ 12ാം ക്ലാസുകാരി ഫര്‍സാന നിയാസ് ഒന്നാം സ്ഥാനം നേടി. മുഹിയിദ്ദീന്‍ വാണിമേല്‍ രചിച്ച ബഹ്റെ റമല് എന്ന പദ്യമാണ് ഫര്‍സാന ചൊല്ലിയത്. ലോകത്തെ സകലമാന സാംക്രമിക രോഗങ്ങളും പടര്‍ത്തുന്നത് മനുഷ്യര്‍ തന്നെയാണെന്നാണ് കവിതയുടെ ഇതിവൃത്തം.
ഭക്ഷണ ശാലയിലേക്ക് വണ്ടികളൊരുക്കി എംകെഎം സ്കൂള്‍
പിറവം: റവന്യു ജില്ലാ കലോത്സവത്തില്‍ ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത് എംകെഎം ഹയര്‍ സെക്കൻഡറി സ്കൂളില്‍. മറ്റുള്ള വേദികളില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനായി ഇവിടേക്ക് എത്തുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തി പിറവം വലിയ പള്ളി ഭരണ സമിതിയും. പള്ളിയുടെ കീഴിലുള്ള എംകെഎം ഹയര്‍ സെക്കൻഡറി സ്കൂളിന്റെ നാല് ബസുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
വേദിയില്‍ ഇന്ന്
വേദി 1 -വലിയ പള്ളി മെയിന്‍ പാരിഷ് ഹാള്‍ -എച്ച്എസ്എസ് (ആണ്-പെണ്), യുപി ഭരതനാട്യം.
വേദി 2 -കൊച്ചുപള്ളി മെയില്‍ പാരിഷ് ഹാള്‍ -എച്ച്എസ്എസ്, യുപി നാടകം, മൂകാഭിനയം.
വേദി 3 -സെന്റ് ജോസഫ് എച്ച്എസ്എസ് ഓപ്പണ്‍ സ്റ്റേജ് -യുപി, എച്ച്എസ്, എച്ച്എസ്എസ് തിരുവാതിര.
വേദി 4 -ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചാപ്പല്‍ ഹാള്‍- എച്ച്എസ്, എച്ച്എസ്എസ് (ആണ്-പെണ്) കുച്ചുപ്പുടി, ഭരതനാട്യം.
വേദി 5 -മാം ഓഡിറ്റോറിയം -എച്ച്എസ്, എച്ച്എസ്എസ് കോല്‍ക്കളി, വട്ടപ്പാട്ട്.
വേദി 6 -എംകെഎംഎച്ച്എസ്എസ് ഹാള്‍ ഒന്നാംനില- എച്ച്എസ്, എച്ച്എസ്എസ് വയലിന് പൗരസ്ത്യം, വീണ, ഓടക്കുഴല്‍, മൃദംഗം, നാദസ്വരം.
വേദി 7 -എംകെഎംഎച്ച്എസ്എസ് - യുപി, എച്ച്സ്, എച്ച്എസ്എസ് നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍ക്കൂത്ത്, കൂടിയാട്ടം.
വേദി 8 -വലിയ പള്ളി ചെറിയ പാരിഷ് ഹാള്‍ -യുപി, എച്ച്എസ്, എച്ച്എസ്എസ് ഖുര്‍ആന്‍ പാരായണം, കഥാ പ്രസംഗം, പ്രസംഗം, ജനറല്‍ പ്രസംഗം, സംഭാഷണം, ഗദ്യ വായന, മുശാറ.
വേദി 9 -ഗവ. എച്ച്എസ്എസ് ഹാള്‍ -സംസ്കൃതോത്സവം, യുപി, എച്ച്എസ് അഷ്ടപദി, വന്ദേമാതരം.
വേദി 10 -സെന്റ് ജോസഫ്സ് എച്ച്എസ് ഓഡിറ്റോറിയം- എച്ച്എസ്, എച്ച്എസ്എസ്(ആണ്-പെണ്) ശാസ്ത്രീയസംഗീതം.
വേദി 11 -സെന്റ് ജോസഫ്സ് എല്‍പി ഹാള്‍- യുപി, എച്ച്എസ്, എച്ച്എസ്എസ് (ആണ്-പെണ്) അറബി ഗാനം.
വേദി 12 -സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഹാള്‍ ഒന്നാംനില -എച്ച്എസ്, എച്ച്എസ്എസ്(ആണ്-പെണ്) കഥകളി സംഗീതം.
വേദി 13 -എംകെഎംഎച്ച്എസ്എസ് ഹാള്‍ ഒന്നാംനില -യുപി, എച്ച്എസ്, എച്ച്എസ്എസ് മലയാളം പദ്യം, മലയാളം പ്രസംഗം.
വേദി 14 -എംകെഎച്ച്എസ്എസ് ഹാള്‍ രണ്ടാംനില -യുപി, എച്ചഎസ്, എച്ച്എസ്എസ് ഉറുപദ്യം, ഉറുദു പ്രസംഗം.