കെ. മഹേഷ് കുമാർ അടൂർ നഗരസഭാ ചെയർമാൻ
1572425
Thursday, July 3, 2025 3:22 AM IST
അടൂർ: നഗരസഭാ ചെയർമാനായി സിപിഎമ്മിലെ കെ. മഹേഷ്കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ആർഡിഒ വിപിൻ കുമാറായിരുന്നു വരണാധികാരി. യുഡിഎഫും ബിജെപിയും വിട്ടുനിന്നതിനാൽ മത്സരം ഏകകണ്ഠമായിരുന്നു. നഗരസഭയിലെ 27- ാം വാർഡിനെയാണ് മഹേഷ്കുമാർ പ്രതിനിധീകരിക്കുന്നത്.
മഹേഷ് കുമാറിന്റെ പേര് സിപിഐയിലെ ഡി. സജി നിർദേശിച്ചു. അജി പാണ്ടിക്കുടി പിന്താങ്ങി. മുൻ നഗരസഭാ കൗൺസിലർ എസ്.ബിനുവിന്റെ നിര്യാണത്തെത്തുടർന്ന് യുഡിഎഫ് അംഗങ്ങൾ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തില്ല. അതിനാൽ മഹേഷ് കുമാറിനെതിരേ ആരും മത്സരരംഗത്തെത്തിയില്ല.
നഗരസഭാ ചെയർപേഴ്സണായിരുന്ന ദിവ്യ റെജി മുഹമ്മദ് സിപിഎം നിർദേശത്തെത്തുടർന്ന് സ്ഥാനം രാജിവച്ചതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടിവന്നത്. ചുരുങ്ങിയ കാലയളവിലേക്കാണ് പദവിയെങ്കിലും ഘടകകക്ഷികളായ കേരള കോൺഗ്രസ് -എമ്മും എൻസിപി -എസും ചെയർമാൻസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിലെത്തിയശേഷമുള്ള മൂന്നാമത്തെ ചെയർമാനാണ് മഹേഷ് കുമാർ. ആദ്യടേമിൽ സിപിഐയിലെ ഡി. സജിയായിരുന്നു ചെയർമാൻ. രണ്ടരവർഷം കഴിഞ്ഞപ്പോഴാണ് ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായത്.