എസ്. ബിനുവിന് അന്ത്യാഞ്ജലി അർപ്പിക്കും
1572430
Thursday, July 3, 2025 3:38 AM IST
അടൂർ: പുഞ്ചിരിക്കുന്ന മുഖവുമായി അടൂരിന്റെ പൊതുരംഗത്തു നിറഞ്ഞുനിന്ന എസ്. ബിനുവിന്റെ വിയോഗം അടൂരിനു തീരാനോവായി. പറക്കോട് പിജിഎം ഹൈസ്കൂളിൽ കെഎസ്യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും1996ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. 2000ത്തിൽ അടൂർ നഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
അക്കാലയളവിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ കൗൺസിലറും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായിരുന്നു. കെഎസ്യുവിന്റെ താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി, പറക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, 2005ൽ വീണ്ടും നഗരസഭാ കൗൺസിലർ.
നിലവിൽ കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ്, പത്തനംതിട്ട ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, പറക്കോട് വൈഎംസിഎ ബോർഡ് അംഗം, അടൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിവികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
യാത്രകൾഏറെ ഇഷ്ടപ്പെട്ട ബിനു തികഞ്ഞ മതേതരവാദിയായിരുന്നു. എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. പറക്കോട് പ്രദേശത്തെ പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കായി ഓടിനടന്നു.
മൃതദേഹം ഇന്നു രാവിലെ ഒന്പതിന് അടൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലും പിന്നീട് അടൂർ ഗാന്ധി സ്മൃതി മൈതാനത്തും പൊതുദർശനത്തിനുവച്ചശേഷമായിരിക്കും വീട്ടിലെത്തിക്കുക.