വെച്ചൂച്ചിറയില്‍ കുറുനരി ആക്രമണം; പ്രദേശവാസികളെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ചു
1443849
Sunday, August 11, 2024 3:59 AM IST
റാന്നി: വെച്ചൂച്ചിറയില്‍ പരിഭ്രാന്തിപരത്തി നിരവധി പേരെ ആക്രമിച്ച കുറുനരിയെ ചത്തനിലയില്‍ കണ്ടെത്തി. വെച്ചൂച്ചിറ നവോദയ, പെരുന്തേനരുവി മേഖലകളില്‍ ഇന്നലെ രാവിലെയാണ് പ്രദേശവാസികളെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ചത്.
നവോദയ ജംഗ്ഷനില്‍ ചരിവുകാലായില്‍ ശാന്തമ്മ (75), പാറക്കുഴിയില്‍ മണി എന്നിവരെ ആക്രമിച്ച ശേഷം ഇടത്തിക്കാവ് പുലിതിട്ടയില് റോയിയേയും കുറുനരി കടിച്ചു. നാട്ടുകാര്‍ വിവരം പോലീസിനേയും വനംവകുപ്പിനേയും അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറുനരിയെ ചത്തനിലയില്‍ കണ്ടെത്തി.
കുറുനരിക്ക് പേ വിഷബാധ സംശയിക്കുന്നു. ഇടത്തിക്കാവ് ഭാഗത്താണ് ഇതിനെ ചത്തനിലയില്‍ കണ്ടത്. നാട്ടുകാരായ മൂന്നുപേരെ കടിച്ചതിനു ശേഷം രണ്ട് നായ്ക്കളെ കടിച്ചതായും നാട്ടുകാര്‍ പറയുന്നു. പരിസരങ്ങളില്‍ കൂടുതല്‍ മൃഗങ്ങളെ കുറുനരി കടിച്ചിട്ടുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
എന്നാല്‍ കഴുത്തില്‍ കുരുക്കു മുറുകിയ നിലയില്‍ കണ്ട കുറുനരി പ്രണഭയത്താല്‍ ആക്രമിച്ചതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മേഖലയില്‍ കൂടുതല്‍ അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.