നെല്ലിനോടും കാട്ടുപന്നിയുടെ അതിക്രമം : നാരങ്ങാനത്തെ പാടങ്ങളും തരിശിടാൻ കർഷകർ
1495224
Wednesday, January 15, 2025 3:54 AM IST
പത്തനംതിട്ട: നാരങ്ങാനം പുന്നോൺ പാടശേഖരത്തിൽ കാട്ടുപന്നിക്കൂട്ടം നെൽകൃഷി നശിപ്പിച്ചു. പടശേഖര സെക്രട്ടറി ചീങ്കല്ലുംപുറത്ത് രാജു വർഗീസിന്റെ ഉടമസ്ഥതയിലുള്ള 1.5 ഏക്കർ പാടശേഖരത്തിലെ കൃഷിയാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം പാടത്തിറങ്ങിയ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയായിരുന്നു. വിളവെത്താറായ പാടശേഖരത്താണ് കാട്ടുപന്നി നാശം വിതച്ചത്. ഫെബ്രുവരി ആദ്യവാരത്തോടെ കൊയ്ത്തു നടത്തേണ്ട പാടശേഖരത്തിലാണ് കാട്ടുപന്നിയുടെ വിളയാട്ടം.
കഴിഞ്ഞ എട്ടു പാതിറ്റാണ്ടായി ഒരു തവണപോലും മുടക്കമില്ലാതെ കൃഷി ചെയ്തുവരുന്ന പാടശേഖരമാണിത്. ഗ്രൂപ്പ് ഫാമിംഗ് കൃഷി രീതിയാണ് അവലംബിച്ചുവന്നത്. പ്രദേശത്തെ ഇരുപതോളം കൃഷിക്കാർ പാടത്തു കൃഷി ചെയ്തിരുന്നു. മെച്ചപ്പെട്ട വിളവ് ലഭിച്ചുവന്ന പാടശേഖരമാണ് പുന്നോണിലേത്. നെൽകൃഷി കർഷകർ ഉപേക്ഷിക്കുന്പോഴും നാരങ്ങാനത്തെ കർഷക കൂട്ടായ്മ കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്പോഴാണ് കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായി മാറിയിരിക്കുന്നത്.
പന്നിയെ തുരത്താനായി കർഷകർ പാടശേഖരത്തിനു ചുറ്റും വേലികളും മറ്റും നിർമിച്ചിരുന്നു. ഉറക്കമൊഴിഞ്ഞ് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ
വനമേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത നാരങ്ങാനത്തെ കർഷകർക്ക് കാട്ടുപന്നി വൻ ഭീഷണിയാണ്. കരക്കൃഷി സാധ്യമാകാതെവന്നിട്ടു നാളുകളായി. പച്ചക്കറിയും കിഴങ്ങുവർഗ കൃഷിയും കർഷകർ ഉപേക്ഷിച്ചിരിക്കുകയാണ്.
കൃഷിവകുപ്പിന്റെ പ്രോത്സാഹനത്തിനൊടുവിലാണ് പാടശേഖരങ്ങൾ വീണ്ടും സജീവമായത്. ഇതിനു പിന്നാലെയാണ് പാടത്ത് നെല്ലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്തു തുടങ്ങിയത്.
എന്നാൽ, പന്നിശല്യം മൂലം ഇനിയും നെൽകൃഷിയും തുടർന്ന് പച്ചക്കറി കൃഷിയും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
കൃഷി ഉപജീവനമാക്കിയ കൃഷിക്കാരാണ് ഏറെയും. കാട്ടുപന്നിശല്യംമൂലം കർഷകരുടെ ജീവിതംതന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. നെൽകൃഷിയും ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.
കാടുമായി ഒരു ബന്ധമില്ലാത്ത പ്രദേശമാണ് നാരങ്ങാനം. കഴിഞ്ഞ അഞ്ചു വർഷം മുതലാണ് ഈ പ്രദേശത്തെ പന്നിശല്യം ഉണ്ടാകാൻ തുടങ്ങിയിട്ട്. കർഷകർ കൃഷി ഉപേക്ഷിച്ചതോടെ കാടുകയറിയ കൃഷിയിടങ്ങൾ പന്നികൾക്കു താവളമാണ്. ഇവിടങ്ങളിലാണ് ഇവ പെറ്റുപെരുകുന്നത്.
ഓരോ പ്രസവത്തിൽ കുറഞ്ഞത് പത്ത് കുഞ്ഞുങ്ങളെങ്കിലുമുണ്ടാകും. കാട്ടുപന്നിയാണെങ്കിലും നാട്ടിൽ പെറ്റുപെരുകിയതോടെ ഇവ നാട്ടുപന്നിയായി മാറിയിരിക്കുകയാണ്.
ഉത്തരവുകൾ പ്രഹസനം
കാട്ടുപന്നിയെ തുരത്താനായി സർക്കാർ പുറത്തിറക്കിയ ഉത്തരവുകൾ പ്രഹസനമാണെന്ന് കർഷക സംഘടനകൾ. ലൈസൻസുള്ളവരെ ഉപയോഗിച്ച് ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ ഉത്തരവ് പ്രാബല്യത്തിലുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന പന്നിയെ വെടിവയ്ക്കാൻ ഗ്രാമപഞ്ചായത്തിന് അധികാരവുമുണ്ട്.
എന്നാൽ, തോക്ക് ലൈസൻസുള്ളവരെ നിയോഗിച്ച് ഇവയെ തുരത്താൻ ആകുന്നില്ല. കാത്തിരുന്ന് വെടിവയ്ക്കുകയും അതിനുശേഷമുള്ള ചെലവുകൾ പഞ്ചായത്ത് വഹിക്കുകയും ചെയ്യേണ്ട സ്ഥിതിയായതിനാൽ നടപടികൾക്ക് ആരും മുതിരുന്നില്ല.
സാന്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ഗ്രാമപഞ്ചായത്തുകൾ കാട്ടുപന്നിയെ വെടിവയ്ക്കുന്നവർക്ക് പ്രതിഫലം നൽകാൻ പണമില്ലാത്ത സ്ഥിതിയിലാണ്. തന്നെയുമല്ല, വെടിവച്ചു കൊല്ലുന്ന കാട്ടുപന്നിയെ ഗ്രാമപഞ്ചായത്തുകൾ സ്വന്തം ചെലവിൽ സംസ്കരിക്കണം.
ചെലവ് വഹിക്കാൻ പണമില്ലെന്ന പേരിൽ കാട്ടുപന്നി നിർമാർജന ഉത്തരവുകൾ കണ്ടില്ലെന്നു നടിക്കാനേ പഞ്ചായത്തുകൾക്കും കഴിയുന്നുള്ളൂ.