ദർശന പുണ്യവുമായി അയ്യപ്പഭക്തരുടെ മലയിറക്കം
1495214
Wednesday, January 15, 2025 3:43 AM IST
ശബരിമല: തിരുവാഭരണങ്ങൾ ചാർത്തി ശബരിമലയിൽ നടന്ന ദീപാരാധനയുടെയും പൊന്നന്പലമേട്ടിൽ തെളിഞ്ഞ മകരവിളക്കിന്റെയും ആകാശനീലിമയിലെ മകര സംക്രമ നക്ഷത്രത്തിന്റെയും പുണ്യംനുകർന്ന് ഭക്തസഹസ്രങ്ങളുടെ മലയിറക്കം.
ഇന്നലെ വൈകുന്നേരം 6.43നാണ് ശബരിമലയിൽ ദീപാരാധനയും ഇതോടൊപ്പം മകരജ്യോതി ദർശനവും നടന്നത്. ഇതിനു മുന്പായി തിരുവാഭരണപേടകങ്ങൾ ശരംകുത്തിയിലും കൊടിമരച്ചുവട്ടിലും സ്വീകരിച്ചു.
മകരജ്യോതി ദർശനത്തിനുശേഷം രാത്രിയോടെ പന്പയിലേക്ക് അയ്യപ്പഭക്തരുടെ ഇടമുറിയാത്ത ഇറക്കമായിരുന്നു. വൻ ഭക്തജനത്തിരക്ക് ശബരിമലയിൽ അനുഭവപ്പെട്ടതിനാൽ മകരവിളക്കിനുശേഷം സന്നിധാനത്തുനിന്ന് പന്പയിലേക്കുള്ള മടക്കയാത്ര പൂർണമായി പോലീസ് ഏറ്റെടുത്തിരുന്നു. നേരത്തെ നിർദേശിച്ച പാതകളിലൂടെ മാത്രമാണ് ഭക്തരെ നിയന്ത്രണവിധേയമായി പുറത്തേക്കുവിട്ടത്.
രണ്ടായിരത്തോളം പോലീസുകാർ ശബരിമലയിൽ മാത്രം അയ്യപ്പഭക്തരുടെ സുരക്ഷ നിയന്ത്രിച്ചു. അയ്യപ്പഭക്തർ മകരജ്യോതി ദർശിച്ച ഓരോ ഇടവും പൂർണമായി പോലീസ് വലയത്തിലായിരുന്നു. കർശന നിർദേശങ്ങളുണ്ടായിരുന്നതിനാൽ തിക്കും തിരക്കും ഒഴിവാക്കി മല ഇറക്കം സുഗമമാക്കാനായി.
മടക്കയാത്രയ്ക്കായി കെഎസ്ആർടിസിയും വിപുലമായ ക്രമീകരണം ചെയ്തു. പന്പയിലും നിലയ്ക്കലിലുമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ദീർഘദൂര ബസുകൾ അടക്കം ക്രമീകരിച്ചിരുന്നു. ഏറ്റവുമധികം ബസുകൾ ചെങ്ങന്നൂരിലേക്കും കോട്ടയത്തേക്കുമായാണ് അയച്ചത്. മകരജ്യോതി ദർശനത്തിനായി അട്ടത്തോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാത്തുനിന്നവരെ നിലയ്ക്കലിൽ എത്തിക്കാനും ക്രമീകരണം ചെയ്തിരുന്നു.
നിയന്ത്രണത്തോടെ മലകയറ്റം
ശബരിമല സന്നിധാനത്തേക്കുള്ള മലകയറ്റം ഇന്നലെ രാവിലെ 11.30 ഓടെ പന്പയിൽ തടഞ്ഞു. മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്ത് പിന്നീട് അയ്യപ്പഭക്തരുടെ മലകയറ്റം പൂർണമായി തടഞ്ഞു. സന്നിധാനത്തുണ്ടായിരുന്ന അയ്യപ്പഭക്തരിൽ നല്ലൊരു പങ്കും മലയിറങ്ങിയശേഷമേ പന്പയിൽനിന്നു മുകളിലേക്കുള്ള യാത്ര അനുവദിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവാഭരണ പേടകങ്ങൾ വലിയാനവട്ടത്തെത്തിയതോടെയാണ് പന്പയിൽ അയ്യപ്പഭക്തരെ തടഞ്ഞു തുടങ്ങിയത്. പന്പ റൂട്ടിൽ വാഹനങ്ങൾക്കും നിയന്ത്രണമുണ്ടായിരുന്നു.
ദർശനം സാധ്യമായ സ്ഥലങ്ങളിലും തിരക്ക്
മകരവിളക്ക് ദർശനത്തിനായി ശബരിമല സന്നിധാനത്ത് ഒരുക്കിയ വ്യൂ പോയിന്റുകളെല്ലാം നിറഞ്ഞാണ് അയ്യപ്പഭക്തർ നിന്നത്. സന്നിധാനത്തെ വ്യൂ പോയിന്റുകളിൽ കർശന സുരക്ഷാ സംവിധാനത്തോടെയാണ് ഭക്തർക്ക് മകരവിളക്ക് ദർശിക്കാനായത്.
പന്പയിൽ ഗസ്റ്റ് ഹൗസ് പരിസരം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരങ്ങൾ, ചാലക്കയം, നിലയ്ക്കൽ, അട്ടത്തോട് എന്നിവിടങ്ങളിലും നിരവധി അയ്യപ്പഭക്തരാണ് മകരവിളക്ക് കാണാൻ കാത്തുനിന്നത്. ആങ്ങമൂഴി പഞ്ഞിപ്പാറയിലും മകരവിളക്ക് ദർശനത്തിനു വൻ തിരക്കുണ്ടായി. ഇലവുങ്കൽ, നെല്ലിമല തുടങ്ങി ജ്യോതിദർശനം സാധ്യമായ ഇടങ്ങളിലെല്ലാം തിരക്കുണ്ടായി.
പുല്ലുമേട് ഭാഗത്തും മകരവിളക്ക് കാണാൻ അയ്യപ്പഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പരുന്തൻപാറ, പാഞ്ചാലിമേട്, കുട്ടിക്കാനം പ്രദേശങ്ങളിലും മകരവിളക്ക് കാണാനായി ആളുകൾ കാത്തുനിന്നു.
മകരവിളക്ക് ദർശനം സാധ്യമായ എല്ലാ സ്ഥലങ്ങളും പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ഇതര സർക്കാർ വകുപ്പുകളും ഇക്കുറി ഇവിടങ്ങളിൽ ക്രമീകരണം ഒരുക്കിയിരുന്നു.