അനധികൃത അവധിയിൽ 144 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍; ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിൽ
1495220
Wednesday, January 15, 2025 3:43 AM IST
പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ 144 ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. ഇതില്‍ ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
36 ഡോക്ടര്‍മാരാണ് പത്തനംതിട്ടയില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്കിയ അപേക്ഷയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
തിരുവനന്തപുരം 11, കോട്ടയം - 7, കണ്ണൂര്‍-20, മലപ്പുറം-10, കോഴിക്കോട്-12, കാസര്‍ഗോഡ്-20, പാലക്കാട് -8, ഇടുക്കി -3, തൃശൂര്‍ - 7, വയനാട് - 4, ആലപ്പുഴ - 6 എന്നിങ്ങനെയാണ് വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുടെ എണ്ണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു.
ഇവര്‍ക്കെതിരേ 1960 ലെ കേരള സിവില്‍ സര്‍വീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചു വരികയാണെന്നും വിവരാവകാശ രേഖ പറയുന്നു.