കര്‍ണാടക പോലീസ് ചമഞ്ഞ് വയര്‍ലെസ് സെറ്റുകളുമായി യുവാവ് പിടിയിൽ
1495217
Wednesday, January 15, 2025 3:43 AM IST
പത്തനംതിട്ട: നിയമപ്രകാരമുള്ള ടെലികമ്യൂണിക്കേഷന്‍ ലൈസന്‍സോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ടു വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് പിടികൂടി. മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ. പി. രാഘവേന്ദ്രനെ(44) യാണ് സന്നിധാനം വലിയ നടപ്പന്തലില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്.
സന്നിധാനം എസ്എച്ച്ഒ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കര്‍ണാടക പോലീസിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയഗിച്ച്, പോലീസ് ഉദ്യോഗസ്ഥരെയും മറ്റും കബളിപ്പിക്കണമെന്ന് ഉദ്ദേശിച്ചും തിരിച്ചറിയല്‍ കാര്‍ഡ് യാഥാര്‍ഥ്യമാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചും കര്‍ണാടക പോലീസ് മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ 417 ആണെന്ന പേരിലുള്ള കാര്‍ഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു.
വ്യാജരേഖയാണെന്ന അറിവോടെ അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെയും മറ്റും കാണിച്ച് പോലീസാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച ഇയാള്‍, പോലീസ് വയര്‍ലെസ് സെറ്റില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ കൈയില്‍ രണ്ടു വയര്‍ലെസ് സെറ്റുകള്‍ കരുതുകയായിരുന്നുവെന്നു ചോദ്യംചെയ്യലില്‍ ബോധ്യമായി.