ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : മർദനമേറ്റ ന്യൂനപക്ഷ മോർച്ച നേതാവ് പരാതി നൽകി
1495222
Wednesday, January 15, 2025 3:43 AM IST
പത്തനംതിട്ട: ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റിനു പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ക്രൂരമർദനം ഏറ്റതായി പരാതി. പാർട്ടി സംസ്ഥാന നേതാക്കൾ നിരീക്ഷകരായെത്തെിയ തെരഞ്ഞെടുപ്പ് ഏകപക്ഷീയമെന്നും ആരോപണം.
ബിജെപി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന്റെ നേതൃത്വത്തിൽ മർദനം അഴിച്ചുവിട്ടെന്നാണ് പരാതി. തന്റെ അടിവയറ്റിന് തൊഴിച്ചതായും ക്രൂരമായി മർദിച്ചതായും ചൂണ്ടിക്കാട്ടി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ സ്വദേശി ബിനോയി കെ. മാത്യു സംസ്ഥാന നേതാക്കൾക്ക് പരാതി നൽകി. തിങ്കളാഴ്ചയാണ് സംഭവം.
സംസ്ഥാന നിരീക്ഷകരായെത്തിയ വി.ടി. രമ, കരമന ജയൻ, ടി.പി. സിന്ധുമോൾ എന്നിവർ ഇരുന്ന മുറിയിലാണ് മർദനം അരങ്ങേറിയത്. പേര് നിർദേശിക്കുന്നതിനായി സീൽ ചെയ്ത പേപ്പർ ബിനോയിക്ക് നൽകുകയും തൊട്ടടുത്ത മുറിയിൽ കയറി എഴുതിയതിനുശേഷം തിരികെ വന്നു പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പേര് രേഖപ്പെടുത്തിയതിന്റെ ചിത്രം മൊബൈലിൽ എടുത്ത് വാട്സ് ആപ്പിൽ നൽകണമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് നിധിൻ ശിവ ആവശ്യപ്പെട്ടു. ഇങ്ങനെ ചിത്രം എടുത്തു തരണമെന്ന് അവിടെയെത്തിയ പലരോടും ഇവർ പറയുന്നുണ്ടായിരുന്നു.
പേര് രേഖപ്പെടുത്തിയ സ്ലിപ്പ് പെട്ടിയിൽ നിക്ഷേപിച്ചു തിരികെയെത്തിയ ബിനോയിയോട് നിധിൻ ശിവ ചിത്രം വീണ്ടും ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ കേടായതിനാൽ ചിത്രം എടുത്തില്ലെന്നു ബിനോയ് പറഞ്ഞു. ഉടനെ നിധിൻ ശിവ ഷർട്ടിൽ കുത്തിപ്പിടിച്ച് മുട്ടുകാൽ കൊണ്ട് നാഭിയിൽ തൊഴിച്ചതായാണ് ബിനോയി പറയുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഭീഷണിയുമായി അടുത്തുവന്നു.
ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂരും ഭീഷണി മുഴക്കി. ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ബിനോയി നൽകിയ പരാതിയിൽപറയുന്നു. നേതാക്കളുടെ ഭീഷണി കാരണംവീട്ടിൽ സ്വസ്ഥമായും സമാധാനത്തോടുംകൂടി ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ബിനോയി പറയുന്നു.