പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ് : ആറ് കേസുകളിൽ കോടതി മൊഴി രേഖപ്പെടുത്തി
1495221
Wednesday, January 15, 2025 3:43 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയായ പെൺകുട്ടി നിരന്തര ലൈംഗികപീഡനത്തിനിരയായ സംഭവത്തിൽആറ് കേസുകളിൽ ഇന്നലെ റാന്നി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി. നിലവിൽ 29 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം റൂറൽ പോലീസ് പരിധിയിൽ കല്ലന്പലത്തും ഇന്നലെ ഒരു കേസ് രജിസ്റ്റർ ചെയ്തു. കായംകുളം സ്വദേശിയാണ് ഈ കേസിലെ പ്രതി. കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
പത്തനംതിട്ട സ്റ്റേഷനിൽ പിടികൂടാനുള്ളവരിൽ ഒരാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും. പ്രതികളിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്, വിദ്യാർഥിനിക്കൊപ്പം പഠിച്ചവരും മുതിർന്ന ക്ലാസുകളിൽ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ നിലവിൽ കുറ്റാരോപിതരായ 58 പേരിൽ 44 പേരും അറസ്റ്റിലായി. ഇവരിൽ പ്രായപൂർത്തിയാകാത്തവരെ ജുവൈനൽ ജസ്റ്റീസ് നിയമപ്രകാരമുള്ള നടപടികൾക്കു വിധേയമാക്കുകയാണ്. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവരുന്നു.
രണ്ടുവർഷത്തിനിടെ പെൺകുട്ടിയെ വ്യത്യസ്തമായ സ്ഥലങ്ങളിലും സാഹചര്യത്തിലുമാണ് ഇവർ പീഡിപ്പിച്ചതായി മൊഴി ലഭിച്ചിട്ടുള്ളത്.