നിറപുത്തരി നെല്ക്കതിര് രഥഘോഷയാത്രയ്ക്ക് സ്വീകരണം നല്കി
1443847
Sunday, August 11, 2024 3:59 AM IST
കോന്നി: ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിന് സമര്‍പ്പിക്കുവാനുള്ള നെല്‍ക്കതിരും വഹിച്ചുകൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്തുനിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ ആചാര അനുഷ്ഠാനങ്ങളോടെ വരവേല്പ് നല്കി.
രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടുത്തെ വയലുകളില്‍ നിറപുത്തരിക്കുവേണ്ടിയാണ് നാഗരാജന്റെ നേതൃത്വത്തില്‍ നെല്‍ക്കൃഷി ചെയ്യുന്നത്.
അച്ചന്‍കോവില്‍ കറുപ്പസ്വാമി കോവില്‍ മുന്‍ കറുപ്പന് സി. പ്രദീപ്, രാജപാളയം കൃഷിക്കാരായ കണ്ണന്, രമേശ്, വെങ്കിടേഷ്, വെട്രിവേല്‍, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷന് എന്നിവര്‍ അകമ്പടി സേവിച്ചു. കല്ലേലി കാവ് മുഖ്യ ഊരാളി ഭാസ്കരന് പൂജകള്‍ക്ക് നേതൃത്വം നല്കി.
നിറപുത്തരി നാളെ; ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: നിറപുത്തരി പൂജക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി നടതുറക്കും. നാളെ പുലര്‍ച്ചെ 5.45നും 6.30നും ഇടയിലാണ് നിറപുത്തരി പൂജകള്‍ നടക്കുക. പുലര്‍ച്ചെ നാലിന് നട തുറക്കും..
നിറപുത്തരി പൂജയ്ക്കായി പ്രത്യേകം കൃഷി ചെയ്ത നെല്‍ക്കതിരുകള്‍ കറ്റകളാക്കി ഇരുമുടികെട്ടിനൊപ്പം ഭക്തര്‍ സന്നിധാനത്ത് എത്തിക്കും. നിറപുത്തരിക്കായി എത്തിക്കുന്ന നെല്‍ക്കതിരുകള്‍ കൊടിമര ചുവട്ടില്‍ സമര്‍പ്പിക്കും. അവിടെനിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ ജി.സുന്ദരേശന്, എ. അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും.
തുടര്‍ന്ന് നെല്‍ക്കതിരുകള്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് തീര്‍ഥം തളിച്ച് ശുദ്ധിവരുത്തും. അതിനു ശേഷം നെല്‍ക്കതിരുകള്‍ ആഘോഷപൂര്‍വം സന്നിധാനം കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും. തന്ത്രി പൂജിച്ചശേഷം നെല്‍ക്കതിരുകള്‍ ശ്രീകോവിലില്‍ എത്തിച്ച് അയ്യപ്പസ്വാമിക്ക് മുമ്പാകെ വയ്ക്കും. പൂജകള്പൂര്ത്തിയാക്കി നാളെ രാത്രി 10ന് നട അടയ്ക്കും.