അടൂര്‍ ബൈപാസില്‍ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി
1443846
Sunday, August 11, 2024 3:44 AM IST
അടൂര്‍: അടൂര്‍ ബൈപാസിലെ അനധികൃത പാര്‍ക്കിംഗ് പൂര്‍ണമായി ഒഴിവാക്കി ട്രാഫിക് പോലീസ്. അനധികൃത പാര്‍ക്കിംഗ് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്ന നിഗമനത്തേത്തുടര്ന്നാണ് നടപടികള്‍ കര്‍ശനമാക്കിയത്.
നെല്ലിമൂട്ടില്‍പടി ഭാഗത്ത് ബൈപാസ് ആരംഭിക്കുന്ന ഭാഗം മുതല്‍ വട്ടത്തറപ്പടി വരെ ഇരുവശത്തും ഒരേപോലെയുള്ള പാര്‍ക്കിംഗ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
റോഡിന്റെ ഒരു വശത്തു മാത്രമേ ഇനി മുതല്‍ പാര്‍ക്കിംഗ് അനുവദിക്കൂ. നെല്ലിമൂട്ടില്‍പടി ഭാഗത്തുനിന്ന് കരുവാറ്റ റോഡിന്റെ ഇടതുവശത്ത് മാത്രമാണ് പാര്‍ക്കിംഗ്.
ട്രാഫിക് എസ്ഐ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ റോഡില്‍ പരിശോധന നടത്തിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പോലീസ് ബൈക്ക് പട്രോളിംഗ് ഏര്‍പ്പെടുത്തി.
അമിത വേഗത്തില്‍ പോകുന്ന ബൈക്കുകള്ക്കെതിരേയും നടപടി ശക്തമാക്കി. ഇത്തരത്തില്‍ പോകുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. ഇനിമുതല്‍ രാവിലെ മുതല്‍ രാത്രി എട്ട് വരെ ബൈപാസില്‍ ഏതു സമയവും ട്രാഫിക് പോലീസിന്റെ സാന്നിധ്യം ഉണ്ടാകും.