റാന്നി പെരുമ്പുഴ സ്റ്റാന്‍ഡില്‍ ഇനി ബസുകള്‍ക്ക് രജിസ്റ്റര്‍
1443844
Sunday, August 11, 2024 3:44 AM IST
റാന്നി: പെരുമ്പുഴ സ്റ്റാന്‍ഡില്‍ കയറുന്ന ബസുകളുടെ വിവരം രേഖപ്പെടുത്തുവാന്‍ രജിസ്റ്റര്‍ സൂക്ഷിക്കും. റാന്നിയിലെത്തുന്നതും റാന്നി വഴി കടന്നുപോകുന്നതുമായ എല്ലാ ബസുകളും പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ എത്തണമെന്നാണ് നിര്‍ദേശം. ഇതു പാലിക്കപ്പെടുന്നില്ലെന്നു കണ്ടതോടെയാണ് പുതിയ തീരുമാനം.
റാന്നി ടൗണിലെയും കെഎസ്ടിപിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം കഴിഞ്ഞദിവസം വിളിച്ചു ചേര്‍ത്തിരുന്നു.
പെരുമ്പുഴ സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ബസുകളും കയറുന്നത് ഉറപ്പാക്കണമെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പെരുമ്പുഴ സ്റ്റാന്‍ഡില്‍ ഓരോ ഭാഗത്തേക്കും പോകുന്ന ബസുകള്‍ എവിടെ നിര്‍ത്തണമെന്നത് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉടമകള്‍ എന്നിവരുമായി ആലോചിച്ച് തീരുമാനത്തില്‍ എത്തണം.
റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ ആശുപത്രി റോഡിലുള്ള അനധികൃത പാര്‍ക്കിംഗിനെതിരേ നിരീക്ഷണം ഉണ്ടാകും. ബസ് സ്റ്റാന്‍ഡില്‍ ഇതര വാഹനങ്ങളുടെ പാര്‍ക്കിംഗ് തടയും. പെരുമ്പുഴ സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗം കെഎസ്ടിപി ടാര്‍ ചെയ്ത് നല്‍കും.
തോട്ടമണ്‍കാവ് അമ്പലത്തിന് എതിര്‍വശത്ത് കെഎസ്ടിപി റോഡിന്റെ വശത്ത് കൈവരി സ്ഥാപിക്കും. അനധികൃത പാര്‍ക്കിംഗ് പൊതുജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് മോട്ടോര്‍ വാഹന വകുപ്പിന് അറിയിക്കാവുന്നതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.