പുതമണ്‍ താത്കാലിക പാതയില്‍ മാലിന്യം തള്ളിയ സംഘവും വാഹനവും പിടിയില്‍
1443839
Sunday, August 11, 2024 3:44 AM IST
റാന്നി: പുതമണ്‍ താത്കാലിക പാതയില്‍ മാലിന്യം തള്ളിയവരെ വാഹനം ഉള്‍പ്പെടെ പോലീസ് പിടികൂടി. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ ഇടുക്കി താമരശേരില്‍ ടി.ബി. റോബിന്, കൊട്ടാരക്കര സന്തോഷ് ഭവനില്‍ സുബിന് എന്നിവരെയാണ് റാന്നി പോലീസ് പിടികൂടിയത്.
പുതമണ്‍, കീക്കൊഴൂര്‍ പ്രദേശങ്ങളിലെ റോഡുകളില്‍ നിരന്തരം മാലിന്യം തള്ളുന്നത് പതിവായതോടെ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സന്തോഷ് സ്ഥാപിച്ച നിരീക്ഷണ കാമറായിലാണ് സംഘം കുടുങ്ങിയത്. കാമറ പോലീസ് പരിശോധിച്ചതിനെത്തുടര്‍ന്നാണ് മാലിന്യം സ്ഥിരമായി തള്ളുന്ന വാഹനം തിരിച്ചറിഞ്ഞ് പിടികൂടിയത്.
റാന്നി എസ്ഐ ബി.എസ്. ആദര്‍ശിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ ചെത്തോങ്കര റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം പിടികൂടിയത്.
അടൂരില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കോഴിമാലിന്യം കടകളില്‍നിന്നും ശേഖരിച്ച് എത്തിക്കുന്ന ജോലിക്കിടെ ഇട്ടിയപ്പാറയില്നിന്നും ശേഖരിച്ച മീന്‍ മാലിന്യങ്ങളാണ് പുതമണ്ണില്‍ ഇട്ടതെന്നു സംഘം പോലീസിനോടു പറഞ്ഞു.