വഞ്ചിപ്പൊയ്ക ടൂറിസം അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും
1443838
Sunday, August 11, 2024 3:44 AM IST
പത്തനംതിട്ട: സ്വാഭാവിക വെള്ളച്ചാട്ടവും തെളിമയുള്ള നീരൊഴുക്കുമായി നഗരഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന വഞ്ചിപ്പൊയ്ക വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി തയാറാകുന്നു. പ്രദേശം വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കുന്നതിന് അമൃത് 2.ഒ യില്‍ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കുകയാണ് നഗരസഭ.
500 മീറ്ററോളം ഉയരമുള്ള വെള്ളച്ചാട്ടവും നഗരത്തിരക്കുകളുടെ ലാഞ്ചനയില്ലാത്ത ശാന്തതയും നിറഞ്ഞ വഞ്ചിപ്പൊയ്ക നേരത്തേതന്നെ സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നഗരസഭയുടെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട വഞ്ചിപ്പൊയ്ക മികച്ച സൗകര്യങ്ങളൊരുക്കി കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് നഗരസഭയുടെ നീക്കം.
കടുത്ത വേനലില്‍ ഒഴികെ സജീവമാണ് വെള്ളച്ചാട്ടം. വഞ്ചിപ്പൊയ്കയില്നിന്നാരംഭിച്ച് പെരിങ്ങമല വരെ എത്തുന്ന നീരൊഴുക്ക് പാറക്കെട്ടുകളിലൂടെയും ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചെടികള്‍ക്കിയിലൂടെയുമാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളം പുനരുപയോഗിച്ച് വേനല്‍ക്കാലത്തും വെള്ളച്ചാട്ടം സജീവമായി നിര്‍ത്തുക എന്നതാണ് പദ്ധതിയില്‍ പ്രധാനം.
വെള്ളച്ചാട്ടത്തിന്റെ ഭാഗമായുള്ള പാറക്കെട്ടുകളില്‍ സാഹസികര്‍ക്കായി അപകടരഹിതമായ റോക്ക് ക്ലൈമ്പിംഗ് ഉള്‍പ്പെടെ ലക്ഷ്യമിടുന്നുണ്ട്. രാത്രിയില്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനായി വൈദ്യുതി ദീപങ്ങളുടെ വര്‍ണ വിസ്മയമാണ് മറ്റൊരു പദ്ധതി. സായാഹ്ന സവാരിക്കാര്‍ക്കായി വോക്ക് വേ, കഫെറ്റീരിയ, വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം കായിക വിനോദത്തിന്റെ ഭാഗമായി ഓപ്പണ്‍ ജിം എന്നിവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വഞ്ചികപ്പൊയ്ക പാറയ്ക്ക് സമീപമുള്ള അഞ്ചേക്കര്‍ പ്രദേശത്താണ് പരിസ്ഥിതി സംരക്ഷണ മാതൃകയില്‍ രൂപരേഖ തയാറാക്കുന്നത്. ഭാവി വികസനം മുന്നില്‍ക്കണ്ട് ചുട്ടിപ്പാറ, സുബല പാര്‍ക്ക് എന്നിവയെ ബന്ധിപ്പിച്ച് സ്കൈ സൈക്കിളും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
നഗരസഭയുടെ പ്രധാന വിനോദ കേന്ദ്രമാക്കി വഞ്ചികപ്പൊയ്ക പാറയെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. ആദ്യഘട്ടത്തില്‍ കാട് തെളിക്കുന്ന ജോലികള്‍ പുരോഗമിച്ചുവരികയാണ്.
രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗം മേധാവി സുധീര്‍ രാജ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അനില അനില്‍, പരിഗണനയിലുള്ള ടൂറിസം പദ്ധതികളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ആര്. നിഖില്‍, പ്രവീണ്‍ എം. നായര്‍, വി. സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
ചെലവ് കുറഞ്ഞ രീതിയില്‍ വര്‍ഷം മുഴുവനും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്ന തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍.
ഭൂസര്‍വേ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നഗരസഭ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചുകഴിഞ്ഞാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.