തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സംഘര്‍ഷം, പോലീസ് ലാത്തിച്ചാര്‍ജ്
1443837
Sunday, August 11, 2024 3:44 AM IST
പത്തനംതിട്ട: തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍ സംഘര്‍ഷം. ഇന്നലെ പകല്‍ മുഴുവന്‍ നീണ്ട സംഘര്‍ഷത്തില്‍ പോലീസുകാരന് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. കള്ളവോട്ട് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പിന്നീട് പോലീസുമായി ഏറ്റുമുട്ടലായി. ഇതിനിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. രഞ്ജു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വര്‍ഗീസ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ജോഷ്വ എന്‍. വര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ശ്രീരാജിനും പരിക്കേറ്റു. തുമ്പമണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അങ്കണത്തില്‍ കയറിയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
തുമ്പമണ്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ എട്ടു മുതല്‍തന്നെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. രാവിലെ മുതല്‍ കനത്ത പോളിംഗ് ആരംഭിച്ചുവെങ്കിലും ഒമ്പതോടെ കള്ളവോട്ട് ആരോപണവുമായി കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമായി.
രാവിലെ 11.30 ഓടെ കള്ളവോട്ടിനു ശ്രമിച്ച ഒരാളെ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജു കൈയേറ്റത്തിനു ശ്രമിച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തി. ഇതോടെ സംഘര്‍ഷമായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി എസ്. സന്ദീപ് എന്നിവരെ മര്‍ദിച്ചതായും ആരോപണമുണ്ടായി. എന്നാല്‍ സിപിഎമ്മുകാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അടൂര്‍ ഡിവൈഎസ്പി പി. നിയാസിന്റെയും പന്തളം എസ്എച്ച്ഒ ടി.ഡി പ്രജീഷിന്റെയും നേതൃത്വത്തില്‍ കനത്ത പോലീസ് കാവലിലാണ് വോട്ടെടുപ്പ് നടപടികള്‍ നടന്നുവന്നത്. കനത്ത സുരക്ഷ ഉണ്ടാകണമെന്ന് ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷം സ്കൂളിന് പുറത്തേക്കു വ്യാപിച്ചതോടെ പോലീസ് ലാത്തിവീശി. സംഘര്‍ഷം ഭയന്ന് സമീപത്തെ ഓര്‍ത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തില്‍ അഭയം തേടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പള്ളിമുറ്റത്തുവച്ച് പോലീസ് മര്‍ദിച്ചതായി ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് കോണ്‍ഗ്രസ്
കള്ളവോട്ട് തടയണമെന്നും പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പന്തളം - പത്തനംതിട്ട റോഡ് ഉപരോധിച്ചു. ഉചിതമായ നടപടി സ്വീകരിക്കുന്ന പോലീസ് ഉറപ്പിന്മേല് റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്തു മാറ്റി. യുഡിഎഫിനും എല്‍ഡിഎഫിനുമായി 22 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. 2692 വോട്ടാണ് ബാങ്കില്‍ ഉള്ളത്.
തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ബാങ്കില്‍ 6 ബി രജിസ്ട്രേഷന് ഇല്ലെന്നും വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് കാണിച്ചായിരുന്നു കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
ബാങ്ക് എല്ലാ രജിസ്റ്ററുകളും നിയമാനുസൃതമായി സൂക്ഷിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കു ബന്ധമില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാത്ത പക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം സംരക്ഷണം നല്കുന്നതിനിടയിലാണ് സംഘര്‍ഷം രൂക്ഷമായതെന്ന് പറയുന്നു. സിപിഎം ആക്രമണങ്ങളിലും പോലീസ് ലാത്തിച്ചാര്‍ജിലും പ്രതിഷേധിച്ച് വൈകുന്നേരം വീണ്ടും പ്രകടനം നടത്തിയതും സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. പോലീസ് കാവലിലായിരുന്നു പ്രകടനം. പന്തളത്ത് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ വൈകുന്നേരം പോലീസ് സ്റ്റേഷന് മാര്‍ച്ചും നടത്തി.
പോലീസ് പക്ഷാപാതം കാട്ടിയെന്ന്
തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ ടൂറിസ്റ്റ് ബസുകളിലും മറ്റുമായി വോട്ടെടുപ്പ് കേന്ദ്രത്തിനു സമീപം എത്തിച്ചേര്‍ന്നപ്പോള്‍ അവരെ പോളിംഗ് സ്റ്റേഷനിലേക്ക് കയറ്റരുതെന്ന് പോലീസ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ പോലീസ് അധികാരികള്‍ ഏകപക്ഷീയമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജു, ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എം.വി. ജോഷ്വ എന്നിവരെ അകാരണമായി ലാത്തി അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഇവരുടെ കഴുത്തിനും കൈകാലുകള്‍ക്കും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു.
ഹൈക്കോടതിയില്‍നിന്നും സംരക്ഷണം തേടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്ന വിരോധാഭാസമാണ് തുമ്പമണ്ണില്‍ നടന്നത്. ഒരാള്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ആ ആളുടെ വോട്ടര്‍ പട്ടികയുടെ നേരേ കൊടുത്തിട്ടുള്ള ബാലറ്റ് പേപ്പറില്‍ കൃത്യമായി അയാളുടെ നമ്പര്‍ എഴുതണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
എന്നാല്‍ കള്ളവോട്ട് ചെയ്തവര്‍ക്ക് നാലും അഞ്ചും ബാലറ്റുകള്‍ കൊടുക്കുകയും അവരെ വോട്ടു ചെയ്യിക്കുകയുമാണ് ചെയ്തത്. വോട്ടു ചെയ്യാനെത്തിയ നിരവധി ആളുകളുടെ വോട്ട് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഇത്തരത്തില്‍ ഗുണ്ടായിസവും അക്രമവും അഴിച്ചുവിട്ട് സര്‍വീസ് സഹകരണ ബാങ്കുകള്‍ പിടിക്കുന്ന സമീപനമാണ് തുമ്പമണ്ണിലും ആവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായിരുന്ന സഖറിയ വര്‍ഗീസ് പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫിന് അനുകൂലം
തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു. നിലവില്‍ എല്‍ഡിഎഫ് ഭരണത്തിലായിരുന്ന ബാങ്ക് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പാനല്‍ അവതരിപ്പിച്ചെങ്കിലും കള്ളവോട്ട് ആരോപിച്ച് ഉച്ചയ്ക്കു മുമ്പുതന്നെ അവര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വൈകുന്നേരം വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു. 11 സീറ്റിലും എല്‍ഡിഎഫിനാണ് വിജയം.
സിപിഎം ആക്രമണവും പോലീസ് ലാത്തിച്ചാര്‍ജും ന്യായീകരണമില്ലാത്ത നടപടി: ഡിസിസി പ്രസിഡന്റ്
പത്തനംതിട്ട: തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച സിപിഎം പ്രവര്‍ത്തകരുടെയും ന്യായീകരണം ഇല്ലാതെ ലാത്തിച്ചാര്‍ജ് ചെയ്ത പോലീസിന്റെയും നടപടിയിൽ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രതിഷേധിച്ചു.
ഗുണ്ടകളെയും ഉദ്യോഗസ്ഥരെയും പോലീസിനേയും ഉപയോഗിച്ച് ജില്ലയിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും പിടിച്ചടക്കിയ സിപിഎം നേതൃത്വം തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും അതേ സമീപനമാണ് സ്വീകരിച്ചതെന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി വ്യാപകമായ കള്ളവോട്ടാണ് നടത്തിയതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
സിപിഎം ആക്രമണത്തിലും പോലീസ് ലാത്തിച്ചാര്‍ജിലും പരിക്കേറ്റ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജു തുമ്പമണ്‍, മണ്ഡലം സെക്രട്ടറി എന്‍.പി. ജോഷ്വ എന്നിവര്‍ ചികിത്സയിലാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന് പള്ളിക്കല്‍, അലന് തുമ്പമണ്‍ എന്നിങ്ങനെ ഒട്ടനവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഡിസിസി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു.