വലിയകാവ് വനമേഖലയുടെ അതിർത്തി നിർണയം: അങ്ങാടി വില്ലേജിൽ ഡിജിറ്റൽ സർവേ തുടങ്ങി
1443569
Saturday, August 10, 2024 2:52 AM IST
റാന്നി: അങ്ങാടി വില്ലേജിലെ ഡിജിറ്റൽ സർവേയുടെ ഭാഗമായി വലിയകാവ് വനമേഖല തിട്ടപ്പെടുത്തുന്നതിനായി സംയുക്ത വകുപ്പ് പരിശോധനയ്ക്കു തുടക്കമായി. വനം, റവന്യു, സർവേ വകുപ്പുകളുടെ സംയുക്ത പരിശോധനയാണ് അങ്ങാടി വില്ലേജിലെ കുളകുറ്റിഭാഗത്ത് തുടക്കമായത്. സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻ ദേവിന്റെ മേൽനോട്ടത്തിൽ ജില്ലാ റീസർവേ സൂപ്രണ്ട് ടി. ഗീതാ കുമാരിയുടെ നേതത്വത്തിലുള്ള ഡിജിറ്റൽ സർവേ ടീമാണ് ജോലികൾ നടത്തുന്നത്.
പ്രമോദ് നാരായൺ എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രി കെ. രാജന്റെ നിർദേശപ്രകാരമാണ് വലിയകാവ് വനമേഖ ഉൾപ്പെട്ടു വരുന്ന മൂന്നു വില്ലേജുകളിലും ഡിജിറ്റൽ സർവേ ജോലികൾക്ക് തുടക്കമായത്.
അങ്ങാടി വില്ലേജിലെ വനം ഉൾപ്പെട്ടുവരുന്ന ഭാഗത്തെ ഡിജിറ്റൽ സർവേകൂടി പൂർത്തിയായാൽ ആറു പതിറ്റാണ്ടിലേറെയായി നീളുന്ന പെരുമ്പെട്ടിയിലെ 512 ലധികം കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആറുവർഷമായി ശക്തമായ സമരനടപടികളുമായി നിലകൊള്ളുന്ന പെരുമ്പെട്ടി നിവാസികൾക്ക് ഇതു വലിയൊരു ആശ്വാസമാണ്.
സംയുക്ത പരിശോധനയ്ക്കു റിസർവേ സൂപ്രണ്ട് ടി. ഗീതാകുമാരി , ഹെഡ് സർവേയർ മെർലിൻ, താലൂക്ക് സർവേയർ മനോജ് മോൻ,വില്ലേജ് ഓഫീസർ രഘു ബാൽ, എസ്. അമ്പിളി , വനം വകുപ്പ് സർവേയർ കെ. അശോകൻ സീനിയർ ഫോറസ്റ്റ് ഓഫീസർ ഷിനിൽ, ബിഎഫ്ഒമാരായ ബീനാ കുമാരി, അനൂപ് എന്നിവർ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ സർവേ നടപടികൾ തുടരുവാനും എത്രയും വേഗം ജോലികൾ പൂർത്തിയാക്കാനും ആവശ്യമായ ജീവനക്കാരെ ബന്ധപ്പെട്ട വകുപ്പുകൾ നിയമിക്കണമെന്ന് നിർദേശമുണ്ടായിട്ടുണ്ട്.