സ്വാതന്ത്ര്യദിനാഘോഷം: കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും
1443567
Saturday, August 10, 2024 2:52 AM IST
പത്തനംതിട്ട: എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി ഇക്കുറി കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ നടക്കും. ജില്ലാ സ്റ്റേഡിയം നിർമാണഘട്ടത്തിലായതിനാലാണ് പരേഡ് കോളജ് ഗ്രൗണ്ടിലേക്കു മാറ്റുന്നത്.
15നു രാവിലെ ഒന്‍പതിന് മന്ത്രി വീണാ ജോർജ് പതാക ഉയർത്തും. തുടര്‍ന്ന് വിവിധ സേനകളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യദിന സന്ദേശവും മന്ത്രി നല്‍കും. പോലീസ്, എക്സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍സിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്പിസി പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.
വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. വിദ്യാര്‍ഥികളുടെ ഡിസ്പ്ളേയുമുണ്ടാകും. ബാന്‍ഡ് ട്രൂപുകളും പങ്കെടുക്കും. സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമാകും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.