പെരുന്തേനരുവി ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷം
1443565
Saturday, August 10, 2024 2:52 AM IST
റാന്നി: പെരുന്തേനരുവിയോടു ചേർന്ന് ജനവാസമേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ജനവാസമേഖലയായ കുടമുരുട്ടി ജംഗ്ഷനുസമീപവും കൊച്ചുകുളം അംബേദ്കർ റോഡിലും ആന എത്തിയിരുന്നു.
പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഫോർ വേ കനാലും പൊതുജനങ്ങൾ ഉപയോഗിക്കുന്ന തീരറോഡുമായി വേർതിരിച്ചിരുന്ന ഇരുമ്പു വേലിയും കാട്ടാന തകർത്തു. നദിയിൽ റോഡിനോടു ചേർന്നു പദ്ധതിയുടെ ടർബൈനിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലാണിത്.
റോഡിനുതൊട്ടു ദീർഘദൂരത്തിൽ ഒഴുകുന്ന കനാലിൽ ആളുകളോ വാഹനങ്ങളോ വീഴാതിരിക്കാൻ സ്ഥാപിച്ചിട്ടുള്ള വേലിയാണ് ആന നശിപ്പിച്ചത്. കുരുമ്പൻമൂഴി, മണക്കയം, കുടമുരുട്ടി , കൊച്ചുകുളം, ചണ്ണ തുടങ്ങി പമ്പാ നദിയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാന ശല്യമേറുകയാണ്. കാർഷികവിളകളും വ്യാപകമായി നശിപ്പിക്കുന്നു.
മഴക്കാലത്ത് വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തിന്റെ അതിർത്തിമേഖലകളിലെ ആളുകൾ പെരുന്തേനരുവിഭാഗത്തുകൂടി മറുകര കടന്നുപോകാൻ ആശ്രയിക്കുന്ന റോഡാണ് പലപ്പോഴും കാട്ടാനയുടെയും കാട്ടുപോത്തിന്റെയും വിഹാരകേന്ദ്രമായി മാറുന്നത്.
പെരുന്തേനരുവി ഡാമും ജലവൈദ്യുത പദ്ധതിയും കാണാനെത്തുന്നവരടക്കം പുറമേനിന്നും ധാരാളം ആളുകൾ ഈ പാത വഴി കടന്നുപോകുന്നുണ്ട്. മുന്പ് ഈ പാതയോരത്ത് കടുവയെയും കണ്ടിരുന്നു.