പത്തനംതിട്ട ടൗൺ സ്ക്വയർ: വിശദ രൂപരേഖയായി
1443564
Saturday, August 10, 2024 2:52 AM IST
കെ.കെ. നായർക്കും ജസ്റ്റീസ് ഫാത്തിമ ബീവിക്കും സ്മാരകങ്ങളൊരുങ്ങും
പത്തനംതിട്ട: ജില്ലാ കേന്ദ്രത്തിൽ പൊതുപരിപാടികൾക്ക് ഇടം ഒരുക്കാൻ നഗരസഭ നിർമിക്കുന്ന ടൗൺ സ്ക്വയറിന് വിശദ രൂപരേഖ തയാറായി. സുപ്രീം കോടതി പ്രഥമ വനിതാ ജഡ്ജി ജസ്റ്റീസ് ഫാത്തിമ ബീവിക്കും ജില്ലയുടെ പിതാവ് കെ.കെ. നായർക്കും ടൗൺ സ്ക്വയറിൽ സ്മാരകങ്ങൾ ഒരുങ്ങും.
അബാൻ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടു കെ.കെ. നായരുടെ പ്രതിമ പൊളിച്ചു നീക്കേണ്ടിവന്ന സാഹചര്യത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ടൗൺ സ്ക്വയറിൽ സൗകര്യം ഒരുക്കുന്നത്. പത്തനംതിട്ടയിൽ ജനിച്ചുവളർന്ന ജസ്റ്റീസ് ഫാത്തിമാ ബീവിക്കും നഗരത്തിൽ സ്മാരകം വേണമെന്ന ആവശ്യവും ഇതോടൊപ്പം അംഗീകരിച്ചിട്ടുണ്ട്.
നഗരസഭയുടെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി വിശദ പദ്ധതി രേഖ തയാറാക്കാൻ ടെൻഡർ ക്ഷണിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ ആർക്കിടെക്ട് ഷെയ്ക്ക് മുഹമ്മദ് യാസിനെയാണ് ടെൻഡർ നടപടികളിലൂടെ നഗരസഭ തെരഞ്ഞെടുത്തത്.
പൊതുയോഗങ്ങൾക്കും വേദി
മേൽപ്പാലം നിർമാണത്തിനായി നഗരസഭയുടെ ഓപ്പൺ സ്റ്റേജ് പൊളിച്ച് നീക്കിയതോടെ പൊതുസമ്മേളനങ്ങൾക്കും യോഗങ്ങൾക്കും നഗരത്തിൽ സ്ഥലം ഇല്ലാതായി. ടൗൺ കേന്ദ്രത്തിൽ ചെറിയ യോഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഇവിടെയെല്ലാം കേരള ഹൈക്കോടതിയുടെ നിരോധനം നിലവിലുണ്ട്.
ഈ സാഹചര്യത്തിലാണ് പൊതുപരിപാടികൾക്ക് പ്രത്യേക ഇടം നിർമിക്കാൻ നഗരസഭ തീരുമാനമെടുത്തത്. കുറഞ്ഞത് ആയിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന നിലയിലാണ് ടൗൺ സ്ക്വയർ വിഭാവനം ചെയ്തിട്ടുള്ളത്.
കൂടാതെ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങൾകൂടി ഇവിടെ ഉണ്ടാകും. പരിപാടികളുടെ ആവശ്യകതയ്ക്കനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന നിലയിലുള്ള തുറന്ന സ്റ്റേജ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. അംഗപരിമിതർക്കും ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ ആയിരിക്കും നിർമാണം.
പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാട് കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ കൗൺസിൽ അംഗങ്ങൾ, കെ.കെ. നായർ ഫൗണ്ടേഷൻ പ്രതിനിധികൾ, ടൗൺ പ്ലാനർ, നഗരസഭാ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.