കോന്നി എംഎൽഎയുടെ പരാമർശം വിവരദോഷമെന്ന് ഡിസിസി പ്രസിഡന്റ്
1443561
Saturday, August 10, 2024 2:52 AM IST
പത്തനംതിട്ട: വയനാട്ടില്‍ സന്നദ്ധപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്ത കോന്നി എംഎല്‍എ വിവരദോഷത്തിന്റെ ആൾരൂപമായി മാറിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
വയനാട് ദുരന്തത്തില്‍ കേരളജനത ഒന്നാകെ വിറങ്ങലിച്ച് നില്ക്കുന്ന സന്ദര്‍ഭത്തില്‍ അവിടെ കഴിയാവുന്ന രീതിയില്‍ ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി സംഘടനകളും വ്യക്തികളും രാപകല്‍ വ്യത്യാസമില്ലാതെ ഉരുള്‍പൊട്ടല്‍ സംഭവിച്ച ദുരന്ത മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ അഭിനന്ദിക്കുമ്പോള്‍ ഇവരിലെ ചിലരെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്ത എംഎല് യുടെ നടപടി അങ്ങേയറ്റം ക്രൂരവും അപക്വവുമാണെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
എംഎല്‍എ യുടെ നേതൃത്വത്തില്‍ കോന്നിയില്‍ കരിയാട്ടം ഫെസ്റ്റിവല്‍ നടത്തിപ്പിന് സിപിഎം ജില്ലാ നേതൃത്വം വിലക്ക് കല്പിച്ചത് ഗൗരവത്തിലെടുത്ത് കരിയാട്ടം തിരിമറികളെ സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.