കിസുമം കുഴിക്കണ്ടം മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 2.13 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി
1443559
Saturday, August 10, 2024 2:37 AM IST
റാന്നി: കിസുമം കുഴിക്കണ്ടം മലയിലെ വോൾട്ടേജ് ക്ഷാമത്തിനാണ് പരിഹാരം. പ്രമോദ് നാരായൺ എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രി കെ. കൃഷ്ണൻകുട്ടി നേരിട്ട് ഇടപെട്ടാണ് വോൾട്ടേജ് ക്ഷാമത്തിനു പരിഹാരം കണ്ടത്. 2.13 ലക്ഷം രൂപയുടെ പദ്ധതിക്കാണ് മന്ത്രി അനുമതി നൽകിയത്.
കിസുമം മേഖലയിലെ പട്ടികജാതി, വർഗ കുടുംബങ്ങൾ ഉൾപ്പെടെ അധിവസിക്കുന്ന മേഖലയിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. വോൾട്ടേജ് ക്ഷാമം മൂലം ഗൃഹോപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
വൈദ്യുതോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമായിരുന്നു. കിസുമത്തുനിന്നും വലിച്ചിരുന്ന ലൈനിൽ നിരവധി കണക്ഷൻ ഉള്ളതായിരുന്നു വോൾട്ടേജ് ക്ഷാമത്തിന് കാരണം.
നെല്ലിമലയിൽനിന്നുള്ള ലൈ ഇവരുടെ സമീപത്തുകൂടി പോകുന്നുണ്ട്. ലൈൻ പ്രയോജനപ്പെടുത്തി അതിൽനിന്ന് കണക്ഷൻ നൽകി വോൾട്ടേജ് ക്ഷാമത്തിനുപരിഹാരം കാണണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ എരുമേലി കെഎസ്ഇബി അധികൃതർക്ക് മന്ത്രി നിർദേശം നൽകിയത്.