പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ട യുവാവ് പിടിയിൽ
1443557
Saturday, August 10, 2024 2:37 AM IST
തിരുവല്ല: നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ തിരുവല്ല പോലീസിന്റെ കസ്റ്റഡിയിൽനിന്നും ചാടിപ്പോയ യുവാവ് പിടിയിലായി. ചൊവ്വാഴ്ച രാത്രി പത്തോടെ സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് കോട്ടയത്തുനിന്നും പിടിയിലായത്.
കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സവീഷ് സോമനെ ( 35 ) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പോലീസിന്റെ പിടിയിലായത്.
തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ചൊവാഴ്ച വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിൽനിന്നു മദ്യപിച്ചിറങ്ങിയ സുബിൻ മറ്റാരെയോ ഫോൺ ചെയ്യാനായി സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ 3000 രൂപ തനിക്കു തരണമെന്ന് സുബിൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.
ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാർ പരിസരത്തുനിന്നും കസ്റ്റഡിയിൽ എടുത്ത സുബിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.
വീടു കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സുബിനെ 2023ൽ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞു തിരികെ നാട്ടിലെത്തിയ സുബിൻ വീണ്ടും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.