മന്ത്രിയെത്തി; ജനറൽ ആശുപത്രിയിൽ എച്ച്എംസി ചേർന്നു
1443554
Saturday, August 10, 2024 2:37 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ജനറൽ ആശുപത്രി എച്ച്എംസി കൂടി. ആശുപത്രിയുടെ നിയന്ത്രണാധികാരം ജില്ലാ പഞ്ചായത്തിനു കൈമാറിയ ശേഷം എച്ച്എംസി കൂടാതിരിക്കുന്നതും പ്രവർത്തനങ്ങൾ തടസപ്പെടുന്നതും രൂക്ഷമായ വിമർശനത്തിനു കാരണമായിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞമാസം എച്ച്എംസി പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയെങ്കിലും യോഗം ചേർന്നിരുന്നില്ല. ജൂലൈ 22നു യോഗം ചേരാൻ തീരുമാനിച്ചെങ്കിലും മന്ത്രി വീണാ ജോർജിന്റെ അസൗകര്യം കാരണം മാറ്റിവച്ചു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഇല്ലാതെ യോഗം ചേരേണ്ടതില്ലെന് നിർദേശവും ഇതിനിടെ ഉണ്ടായി.
ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചതിനു പിന്നാലെയുള്ള സ്ഥലപരിമിതികളും നിലവിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും ഗുരുതരമായ പ്രശ്നങ്ങൾക്കു കാരണമായതോടെ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെയാണ് അടിയന്തരമായി എച്ച്എംസി കൂടാൻ മന്ത്രി നിർദേശിച്ചത്. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിൽ ഒരു മണിക്കൂറോളം വീണാ ജോർജ് പങ്കെടുക്കുകയും ചെയ്തു.
നഗരസഭാ ചെയർമാൻ സക്കീർ ഹുസൈനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. നഗരസഭയിൽനിന്ന് ആശുപത്രിയുടെ നിയന്ത്രണം എടുത്തുമാറ്റി ജില്ലാ പഞ്ചായത്തിനു നൽകിയതിനാലാണ് പുതിയ എച്ച്എംസിയിൽ നഗരസഭാ അധ്യക്ഷനെ ഒഴിവാക്കിയതെന്ന് പറയുന്നു. എന്നാൽ, വാർഡ് കൗൺസിലർ സിന്ധു അനിലിനെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
നിർമാണത്തിലിരിക്കുന്ന ഒപി ബ്ലോക്ക് എട്ടുമാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പൈലിംഗ് ജോലികൾ വേഗത്തിൽ നടക്കുന്നുണ്ട്. ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള അനുമതിയും യോഗം നൽകി. അത്യാഹിത വിഭാഗത്തിലെ ചൂട് ഒഴിവാക്കുന്നതിലേക്ക് എസി സ്ഥാപിക്കാനും തീരുമാനിച്ചു.
എച്ച്എംസി ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ച് അടിയന്തരപ്രധാന്യനത്തോടെ ചെയ്യേണ്ട ജോലികൾക്ക് അനുമതി നൽകി. അഞ്ച് ശൗചാലയങ്ങൾ കൂടി പുതുതായി നിർമിക്കും. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒപി വരെയുള്ള ഭാഗത്ത് ഷീറ്റിടാനും തീരുമാനിച്ചു. പാർക്കിംഗിനായി പുതിയ സ്ഥലം കണ്ടെത്തും.