പോലീസ് എസ്എച്ച്ഒ വാങ്ങിയ ബിരിയാണിയിൽ പഴുതാര; ഹോട്ടൽ അടച്ചുപൂട്ടി
1443553
Saturday, August 10, 2024 2:37 AM IST
തിരുവല്ല: പുളിക്കീഴ് എസ്എച്ച്ഒയ്ക്ക് ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽനിന്നും ചത്ത പഴുതാരയെ കണ്ടെത്തി. പരാതിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ബിരിയാണി വാങ്ങിയ ഹോട്ടൽ അടച്ചുപൂട്ടി.
തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലാണ് ഇന്നലെ ഉച്ചയോടെ അടച്ചുപൂട്ടിയത്. പുളിക്കീഴ് എസ്എച്ച്ഒ അജിത് കുമാറിനായി ഇന്നലെ ഉച്ചയോടെ പാഴ്സലായി വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.
പായ്ക്ക് ചെയ്ത ബിരിയാണിയിൽനിന്നും പകുതിയോളം കഴിച്ചശേഷമാണ് കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗത്തെ വിവരം അറിയിച്ചു. അവർ നടത്തിയ പരിശോധനയിൽ സംഭവം സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും മാർച്ചിൽത്തന്നെ ലൈസൻസ് കാലാവധി അവസാനിച്ചതാണെന്നും കണ്ടെത്തി. തുടർന്നാണ് ഹോട്ടൽ അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വിഭാഗം നിർദേശം നൽകിയത്.