ഒറ്റപ്പെട്ടു താമസിക്കുന്നവരെ ചൂഷണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം: എലിസബത്ത് മാമ്മൻ മത്തായി
1443552
Saturday, August 10, 2024 2:37 AM IST
പത്തനംതിട്ട: മക്കള്‍ വിദേശത്തു പോകുമ്പോഴും മറ്റ് ആശ്രയങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും വീടുകളില്‍ ഒറ്റപ്പെട്ടു താമസിക്കുന്നവരെ അയല്‍വാസികള്‍ ചൂഷണം ചെയ്യുന്ന സാഹചര്യമുള്ളതായി കാണുന്നുവെന്നും ഇത് ഒഴിവാക്കണമെന്നും വനിതാ കമ്മീഷന് അംഗം എലിസബത്ത് മാമ്മന്‍ മത്തായി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന് മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു എലിസബത്ത് മാമ്മൻ മത്തായി. ഏകാന്തമായി താമസിക്കുന്നവര്ക്കെതിരേയുള്ള ചൂഷണങ്ങള്‍ തടയുന്നതിനുള്ള സഹായ നടപടികളും ബോധവത്കരണവും കമ്മീഷന് നല്കി വരുന്നു.
സ്വന്തം സുരക്ഷയ്ക്കായി സിസിടിവി കാമറ സ്ഥാപിച്ചതിന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകേണ്ടിവരുന്നവരുമുണ്ട്. ഇത് അനുവദിക്കില്ലെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു.
വഴിതര്‍ക്കങ്ങള്‍, മദ്യപിച്ചുള്ള ലഹളകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായി എത്തിയത്. 57 കേസുകള്‍ പരിഗണിച്ചതില്‍ 13 എണ്ണം തീര്‍പ്പാക്കി. അഞ്ചെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. രണ്ടു കേസുകള്‍ ജില്ലാ നിയമസേവന അഥോറിറ്റിയുടെ സഹായത്തോടെ പരിഹരിക്കാന്‍ തീരുമാനിച്ചു.
ഒരെണ്ണം ജാഗ്രതാ സമിതിക്ക് റിപ്പോര്‍ട്ടിനായി അയച്ചു. 36 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. പാനല്‍ അഭിഭാഷകരായ സിനി, രേഖ, വനിത എഎസ്ഐ ശ്രീലത, കൗണ്‍സിലര്‍ നീമ ജോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.