‘കാപ്പ’യിൽ ചർച്ച വേണ്ടെന്ന നിലപാടിൽ പാർട്ടി നേതൃത്വം; അസ്വസ്ഥത പുകയുന്നു
1443551
Saturday, August 10, 2024 2:37 AM IST
പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടറിയും ആരോഗ്യമന്ത്രിയും നേരിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചവരുടെ ക്രിമിനൽ പശ്ചാത്തലം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചപോലും വേണ്ടെന്ന നിലപാടുമായി പാർട്ടി നേതൃത്വം. കഴിഞ്ഞദിവസം കൂടിയ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാൻ ചില അംഗങ്ങൾ ശ്രമിച്ചെങ്കിലും പാർട്ടി അംഗം പോലുമാകാത്തവരുടെ വിഷയം ജില്ലാ കമ്മിറ്റി ചർച്ചചെയ്യേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ സ്വീകരിച്ചത്.
പാർട്ടിയിലേക്ക് ചേരാൻ താത്പര്യം അറിയിച്ചവരെ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇവർക്ക് പാർട്ടി അംഗത്വം ആയിട്ടില്ലെന്നും നേതാക്കൾ വിശദീകരിച്ചു. മുന്പ് ബിജെപി അനുഭാവികളായിരുന്ന 62 പേരാണ് ഒരുമാസം മുന്പ് കുന്പഴയിൽ നടന്ന യോഗത്തിൽ സിപിഎമ്മിൽ ചേർന്നത്. ഇവരിൽ കാപ്പ ചുമത്തപ്പെട്ടിരുന്ന ശരൺചന്ദ്രൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നതാണ് വിവാദമായത്.
സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിലാണ് പാർട്ടിയിലേക്കു വന്നവരെ സ്വീകരിച്ചത്. ഇതിനു പിന്നാലെ ഇവരിൽ നാലുപേരുടെ ക്രിമിനൽ ബന്ധങ്ങൾ പുറത്തുവരികയും ചെയ്തു.
സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതടക്കമുള്ള കേസുകൾ, ലഹരി കേസുകളും ഇവർക്കെതിരേ ഉണ്ടെന്ന വെളിപ്പെടുത്തലുകളാണ് വന്നത്. ഇതിലൊരാൾ കഞ്ചാവ് കേസിൽ പിടികൂടപ്പെടുക കൂടി ചെയ്തതോടെ പ്രതിരോധത്തിന് സിപിഎമ്മും ഡിവൈഎഫ്ഐയും തയാറായി.
ഇതിനു പിന്നാലെയാണ് കാപ്പ കേസ് പ്രതിയായിരുന്ന ശരൺ ചന്ദ്രന്റെ പിറന്നാൾ ആഘോഷം നടുറോഡിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കാപ്പ എന്നെഴുതിയ കേക്ക് മുറിച്ചു നടത്തിയ ആഘോഷം വീണ്ടും വിവാദത്തിലേക്ക് നയിച്ചു. സിപിഎം പ്രാദേശിക നേതൃത്വമാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചതെന്ന് പറയുന്നു.
നിരവധി സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ പാർട്ടി നേതൃത്വം തയാറായില്ലെന്നു മാത്രമല്ല, പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യേണ്ടെന്ന് നിർദേശിക്കുകയും ചെയ്തു. പിന്നാലെ ഇതിനെതിരേ രൂക്ഷമായ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ടായി.
തിരുവല്ല ഏരിയാ സെക്രട്ടറിയെ മാറ്റിയ നടപടിയും വിമർശിക്കപ്പെട്ടു. സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെ സ്ഥാനത്തു നിന്നു മാറ്റിയ നടപടിയും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെട്ടു. കപ്പാ സംഭവത്തിൽ മൗനം പാലിച്ച നേതൃത്വം വർഷങ്ങൾക്കു മുന്പുണ്ടായ ഒരു ആരോപണം തിരഞ്ഞുപിടിച്ച് ഏരിയാ സെക്രട്ടറിയെ മാറ്റിയത് പാർട്ടി താത്പര്യത്തിനു വിരുദ്ധമാണെന്ന ആക്ഷേപമാണ് ഉയർന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തണമെന്ന് നിർദേശിച്ച് ഫ്രാൻസിസ് വി. ആന്റണിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശമാണ് നടപടിക്കു കാരണമായത്.
മുന്പ് പല പരാതികൾ ഉയർന്നപ്പോഴും ഏരിയാ സെക്രട്ടറിക്കെതിരേ നടപടി ഉണ്ടായില്ല. ജില്ലാ സെക്രട്ടറിയുടെ പിന്തുണയും ഫ്രാൻസിസ് വി. ആന്റണിക്കുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് പരുമല ലോക്കൽ കമ്മിറ്റിയിൽ ഉടലെടുത്ത ചില തർക്കങ്ങളും പ്രശ്നങ്ങളുമാണ് ഇപ്പോഴത്തെ നടപടി വേഗത്തിലാക്കിയതെന്നും പറയുന്നു.
ലോക്കൽ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റി സസ്പെൻഡ് ചെയ്തതടക്കമുള്ള വിഷയങ്ങൾ നേതൃത്വത്തിനെതിരായി. തിരുവല്ലയിൽ പീഡനക്കേസ് പ്രതിയായ മുൻ ലോക്കൽ സെക്രട്ടറിയെ തിരിച്ചെടുക്കാൻ നിർദേശിച്ചതിനു പിന്നാലെ ഇയാളെ ലോക്കൽ കമ്മിറ്റിയംഗമായി തീരുമാനിച്ചതും ഏരിയാ സെക്രട്ടറിക്കെതിരേ ആക്ഷേപമായി ഉയർന്നു. ഏരിയാ സെക്രട്ടറി പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗം കൂടാൻ പോലും കഴിഞ്ഞിരുന്നില്ല.
എന്നാൽ ഏരിയാ സെക്രട്ടറിക്കെതിരേയുള്ള നടപടി ചിലരുടെ വ്യക്തി താത്പര്യം സംരക്ഷിക്കാനാണെന്നും കാപ്പയെ അകത്തു നിർത്തി പാർട്ടിക്കാരെ പുറത്താക്കുകയാണ് ചെയ്യുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമ കുറിപ്പുകളുണ്ടായി.
കോന്നി എംഎൽഎയ്ക്കെതിരേയും വിമർശനം
കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിനെതിരേയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നതായി സൂചന. കോന്നിയിൽ കഴിഞ്ഞ വർഷം നടന്ന കരിയാട്ടം മേളയുടെ മറവിൽ വൻ അഴിമതി നടന്നതായും പിരിവുകളെ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടില്ലെന്നുമാണ് ആക്ഷേപമായി ഉയർന്നത്. ഇക്കൊല്ലം കരിയാട്ടം നടത്തേണ്ടതില്ലെന്നും ജില്ലാ കമ്മിറ്റി നിർദേശിച്ചു.
കോന്നിയിലെ കാട് ടൂറിസം സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് കരിയാട്ടം സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടു നടന്നതായി പറയുന്ന ധനസമാഹരണം സംബന്ധിച്ചാണ് ആക്ഷേപം ഉണ്ടായത്. തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ പണം വാങ്ങുകയും ചെയ്തിരുന്നു.